Latest Videos

'അതിഥി തൊഴിലാളികള്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍; ക്രമസമാധാന പ്രശ്നമുണ്ടായാൽ സര്‍വ്വീസ് നിര്‍ത്തും'

By Web TeamFirst Published May 1, 2020, 3:09 PM IST
Highlights

ആരും തിരക്ക് കൂട്ടേണ്ടെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. പ്രധാന സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ ട്രെയിനുകളും നോൺ സ്റ്റോപ്പ് ട്രെയിനുകളായിരിക്കും

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പ്രധാന സ്റ്റേഷനുകളില്‍ നിന്ന് നാളെ 5 ട്രെയിന്‍ പുറപ്പെടുമെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേഹ്ത്ത. ആരും തിരക്ക് കൂട്ടരുതെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ സര്‍വ്വീസ് നിര്‍ത്തുമെന്നും ആഭ്യന്തര സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

അതേസമയം ഇന്ന് ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്ക് നേരത്തെ നിശ്ചയിച്ച പ്രകാരം ആദ്യ സ‌‌ർവ്വീസ് ഉണ്ടാകും. ട്രെയിൻ ഇന്ന് വൈകിട്ട് 6ന് പുറപ്പെടും. ഇന്ന് ഒരു ട്രെയിൻ മാത്രമാണ് സർവീസ് നടത്തുക. ഒഡീഷയിൽ നിന്നുള്ള തൊഴിലാളികളെയാവും കൊണ്ടുപോവുക. 1200 പേരെ കൊണ്ടു പോകാനാണ് തീരുമാനം. വിവിധ ക്യാമ്പുകളിൽ നിന്നായി പോകേണ്ടവരെ പൊലീസ് സ്റ്റേഷനിലെത്തിക്കും.
 
വൈകിട്ട് ഭുവനേശ്വരിലേക്ക് ട്രെയിനിൽ കൊണ്ടു പോകുന്ന അതിഥി തൊഴിലാളികളെ തെരഞ്ഞെടുത്ത് തുടങ്ങിയിട്ടുണ്ട്. പെരുമ്പാവൂരിൽ തൊഴിലാളികൾ തങ്ങുന്ന ക്യാമ്പുകളിൽ എത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് തെരഞ്ഞടുപ്പ്. 1200 പേരെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ KSRTC ബസിൽ ഇവരെ ആലുവയിലേക്ക് കൊണ്ടു പോകും.

2189 ക്യാമ്പുകളിൽ ആയി 90000ഓളം പേരാണ് ഇവിടെയുള്ളത്. രോഗലക്ഷണം ഇല്ലെന്ന് ഓരോരുത്തരെയും പരിശോധിച്ചു ഹെൽത്ത്‌ സർട്ടിഫിക്കറ്റ് നൽകും. 34 മണിക്കൂർ കൊണ്ട് ട്രെയിൻ ഭുവനേശ്വറിൽ എത്തും

നാളെ മുതൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും. ആരും തിരക്ക് കൂട്ടേണ്ടെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. പ്രധാന സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

എല്ലാ ട്രെയിനുകളും നോൺ സ്റ്റോപ്പ് ട്രെയിനുകളായിരിക്കും. മറ്റ് സ്റ്റേഷനുകളിൽ നിന്നൊന്നും യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുകയില്ല. വിവിധ ജില്ലകളിലുള്ള തൊഴിലാളികളെ റെയിൽവെ സ്റ്റേഷനുകളിൽ എത്തിക്കുന്ന കാര്യം അതത് ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

click me!