
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പോത്തൻകോട് പ്രദേശത്തിനായി പ്രത്യേക പ്ലാൻ തയ്യാറാക്കും. വൈറസ് വ്യാപനം തടയുന്നതിനാകും ഇതിൽ മുൻഗണന നൽകുക. നിരീക്ഷണങ്ങളും പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കാനും ഇന്ന് ചേർന്ന ജില്ലാ തല അവലോകന യോഗത്തിൽ തീരുമാനമായി.
കൊവിഡ് ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിലാണ് പോത്തൻകോട് പഞ്ചായത്തിലും അതിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പോത്തൻകോട്, മോഹനപുരം, കൊയ്ത്തൂര്‍ക്കോണം, ആര്യോട്ടുകോണം, കാട്ടായിക്കോണത്തിന്റെ മേല്‍ഭാഗം, വെമ്പായം,മാണിക്കല്‍ പഞ്ചായത്തുകളിലെ ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
ഈ പഞ്ചായത്തുകളിലെ മുഴുവന്‍ ആളുകളും അടുത്ത രണ്ടാഴ്ചക്കാലം വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ ആരും തന്നെ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.
ഹോം ക്വാറന്റൈന്‍ പ്രഖ്യാപിച്ച സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രദേശത്തെ എല്ലാവരും നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam