ബെവ്കോ പൂട്ടി, കള്ളുഷാപ്പുകളുമില്ല, മദ്യം ഓൺലൈനിൽ വിൽക്കുന്നത് പരിഗണിക്കുന്നു

By Web TeamFirst Published Mar 25, 2020, 11:26 AM IST
Highlights

ബെവ്കോ ഔട്ട് ലെറ്റുകളും കള്ളുഷാപ്പുകളും അടച്ചതോടെ സംസ്ഥാനം ഒരു തരത്തിൽ സമ്പൂർണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണ്. ഇങ്ങനെ വന്നാൽ വ്യാജമദ്യമൊഴുകുന്ന സ്ഥിതിയുണ്ടാകും. ഇതൊഴിവാക്കാനാണ്, മദ്യം ഓൺലൈൻ വഴി വിൽക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ട് ലെറ്റുകളും കള്ളുഷാപ്പുകളുമടച്ചു. ഇന്ന് രാവിലെ തുറക്കേണ്ടെന്ന് ബെവ്കോ ജീവനക്കാർക്ക് എംഡി സ്പർജൻ കുമാർ നേരിട്ട് നിർദേശം നൽകി. 21 ദിവസത്തേക്ക് ഇനി ബെവ്കോ ഔട്ട് ലെറ്റുകൾ തുറക്കേണ്ടെന്നാണ് തീരുമാനം. കള്ള് ഷാപ്പുകളും ഇന്ന് മുതൽ തുറക്കില്ലെന്ന് കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷനും തീരുമാനിച്ചു. ഇതോടെ സംസ്ഥാനം പരോക്ഷമായിട്ടെങ്കിലും സമ്പൂർണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ വ്യാജമദ്യമൊഴുകാതിരിക്കാൻ മദ്യം ഓൺലൈൻ വഴി വിൽക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുകയാണ്.

ഇന്നലെ ബാർ കൌണ്ടറുകൾ തുറക്കാൻ സർക്കാർ ആലോചിച്ചിരുന്നു. ബാറുകളിൽ ആളുകൾ കൂട്ടം കൂടിയിരുന്ന് കുടിയ്ക്കുന്ന സാഹചര്യം ഒഴിവാക്കാൻ ബാറുകളെല്ലാം അടയ്ക്കാൻ ഞായറാഴ്ച തന്നെ സർക്കാർ തീരുമാനിച്ചിരുന്നതാണ്. ഇതിന് പകരം ബാറുകളിൽ മദ്യ കൌണ്ടറുകൾ തുറക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ ഇതും വേണ്ടെന്ന് വയ്ക്കുകയാണ് സംസ്ഥാനസർക്കാർ.

Read more at: റേഷൻ കടകളുടെ സമയത്തിൽ മാറ്റം, അവശ്യസാധനങ്ങൾ കിട്ടും, അറിയേണ്ടതെല്ലാം 

അവശ്യസർവീസുകൾ ഒഴികെ ബാക്കിയെല്ലാ കടകളും പൂട്ടിയിട്ടും ബെവ്കോ മാത്രം പൂട്ടാത്തതിൽ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയിരുന്നത്. ഇതിന് പിന്നാലെ ദേശവ്യാപകമായി ലോക്ക് ഡൌൺ കൂടി വന്നതോടെ ബെവ്കോയും പൂട്ടാമെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. 

ലോക്ക് ഡൌണിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട് ലെറ്റുകലുടെയും മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കാസർകോട്ടും വടകരയിലും ഉൾപ്പടെ പലയിടത്തും പൊലീസിന് ലാത്തി വീശേണ്ടി വന്നു. ആളുകൾക്ക് സാനിറ്റൈസർ ഉൾപ്പടെ നൽകിയാണ് കടത്തി വിട്ടതെങ്കിലും കൂട്ടം കൂടി നിൽക്കരുതെന്ന് പല തവണ അധികൃതർ പറഞ്ഞാലും അനുസരിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഇടയ്ക്ക് മുഖം മറയ്ക്കാതെയോ മാസ്ക് ധരിക്കാതെയോ എത്തുന്നവർക്ക് മദ്യം നൽകില്ലെന്ന് അധികൃതർ നിലപാടെടുത്തെങ്കിലും ഒരു ഗുണവുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ബെവ്കോ അടയ്ക്കാതെ വേറെ വഴിയില്ലെന്ന് സർക്കാർ തീരുമാനിക്കുന്നത്. 

ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിസഭായോഗമാകും. കടുത്ത നിയന്ത്രണങ്ങളോടെ നടപ്പാക്കുന്ന ലോക്ക് ഡൗണിനിടയിലും മദ്യവിൽപനശാലകളിൽ കനത്ത തിരക്കനുഭവപ്പെടുകയും വരുമാനം മുടങ്ങിയ ബാർലോബി സർക്കാരിൽ സമ്മർദ്ദം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വകാര്യ ബാർ കൗണ്ടറുകൾ വഴി മദ്യം വിൽക്കാനുള്ള ആലോചന സർക്കാരും എക്സൈസ് വകുപ്പും ആരംഭിച്ചത്. 

ബെവ്കോ മദ്യവിൽപനശാലകളിലെ അതേ വിലയ്ക്ക് മദ്യം വിതരണം ചെയ്യാൻ തയ്യാറാണെന്ന് ബാർ ഉടമകൾ സർക്കാരിനെ അറിയിച്ചു. ഇതോടെ അടുത്ത രണ്ട് ദിവസത്തിൽ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയും ചെയ്തു. ബാറുകൾ അടയ്ക്കുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരെ മുൻനിർത്തി ഇത്തരമൊരു കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രിയാണ് സ്ഥിരീകരിച്ചത്. 

ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ബിവറേജസ് അവശ്യസർവ്വീസായി ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ ബിവറേജസ് ഒരു അത്യാവശ്യമാണെന്ന് സർക്കാർ കണക്കാക്കിയിട്ടില്ല എന്ന് മുഖ്യമന്ത്രി സ്വരം കടുപ്പിച്ച് പറയുകയും ചെയ്തിരുന്നതാണ്. 

click me!