ഭക്ഷണവും ജോലിയുമില്ല, ഇതര സംസ്ഥാനത്തൊഴിലാളികളെ ലോറിയിൽ കുത്തി നിറച്ച് കടത്താനും ശ്രമം

By Web TeamFirst Published Mar 26, 2020, 1:02 PM IST
Highlights

കണ്ണൂരിൽ മാത്രമല്ല, പണം പോലുമില്ലാതെ പത്തനംതിട്ടയിലും കൊച്ചിയിലും കുടുങ്ങിയ നിരവധി ഇതരസംസ്ഥാനത്തൊഴിലാളികളുണ്ട്. എറണാകുളം വടക്കൻ പറവൂരിൽ ദിവസം നൂറ് രൂപ ഓരോരുത്തരും വാടക കൊടുത്ത് താമസിച്ചിരുന്ന ചെറിയ വീട്ടിൽ നിന്ന് ഇതരസംസ്ഥാനത്തൊഴിലാളികളെ ഉടമ ഇറക്കി വിട്ടു.

കൊച്ചി/ കണ്ണൂർ/ പത്തനംതിട്ട: ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ വലഞ്ഞത്  സംസ്ഥാനത്തെമ്പാടുമുള്ള ഇതരസംസ്ഥാനത്തൊഴിലാളികളാണ്. ജോലിയില്ല, കൂലിയില്ല, ഭക്ഷണമില്ല, ഇപ്പോഴിതാ താമസിച്ചിരുന്ന ഇടത്ത് നിന്ന് ഇറങ്ങിപ്പോകാനും പറയുന്നു. പലരും ഇനിയെന്ത് ചെയ്യണമെന്നറിയാതെ തെരുവിൽ നിൽക്കുകയാണ്.

കണ്ണൂർ കളക്ടറേറ്റിൽ ഇന്ന് രാവിലെ എത്തിയത് നൂറോളം വരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളാണ്. കൂട്ടത്തോടെ വന്ന ഇവർക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും അതിർത്തി കടത്തി വിടണം. ദിവസങ്ങളായി ഭക്ഷണമില്ല, പണിയില്ല, കൂലിയില്ല, എന്ത് ചെയ്യണമെന്നറിയില്ല.

അഞ്ഞൂറോളം വരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളാണ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ജോലി ചെയ്യുന്നത്. പല ഇടങ്ങളിലായിട്ടാണ് ഇവർ ജോലി ചെയ്ത് വന്നിരുന്നത്. എല്ലാവരും ദിവസക്കൂലിക്കാരായിരുന്നു. കേരളം ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ മൂന്ന് ലോറികളിലായി രണ്ട് ദിവസമായി ഇവർ തിരികെപ്പോകാൻ ശ്രമിച്ചതാണ്. ഒരു ലോറിയിൽ കയറിയവർ വാളയാർ വഴി അതിർത്തി കടന്ന് പോയി. രണ്ടാമത്തെ ലോറിയിൽ കയറിയവരെ കോഴിക്കോട്ട് വച്ച് പൊലീസ് പിടിച്ച് തിരിച്ചയച്ചു. കൊണ്ടുപോയ കോൺട്രാക്ടർക്കെതിരെ കേസുമെടുത്തു. 

'എന്നോടെ കൊളന്തൈയെ പാത്താ പോതും സാർ'

ഈ രണ്ട് ലോറിയിലും പോകാൻ പറ്റാത്തവരെ ഇപ്പോഴാരും എങ്ങോട്ടും പോകാൻ സമ്മതിക്കുന്നില്ല. ഇവർക്കാർക്കും ഭക്ഷണം കിട്ടുന്നില്ല. കയ്യിലെ പണമെല്ലാം തീർന്നുവെന്നും, ഇവർ പറയുന്നു. മാത്രമല്ല, കുട്ടികളടക്കം നാട്ടിലുണ്ട്. അവരെയൊന്ന് കാണണം. അതിർത്തി കടന്ന് പോയാൽ എങ്ങനെയെങ്കിലും നാട്ടിലെത്താമെന്നും ഇവർ പറയുന്നു.

ഇവരെ ഇന്നലെയും ചിലർ വീണ്ടും ലോറികളിൽ കയറ്റി കടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് ഇതും പകുതിവഴിക്ക് തടഞ്ഞ് തിരിച്ചയച്ചു. മാടുകളെപ്പോലെ കയറ്റിയാണ് ഇവരെ കൊണ്ടുപോയിരുന്നത്. കൊവിഡ് കാലത്ത് വേണ്ട കുറഞ്ഞ സൌകര്യങ്ങളോ, സുരക്ഷാസംവിധാനങ്ങളോ പോലും ഇവർക്ക് ആരും നൽകിയിരുന്നതുമില്ല. 

പരാതിയുമായി എത്തിയവരുമായി കണ്ണൂർ കളക്ടറും എഡിഎമ്മും അടക്കമുള്ളവർ സംസാരിച്ചു. കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണമില്ലാത്തവർക്കായി തുടങ്ങാൻ സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു. അത് ഇന്ന് തന്നെ തുടങ്ങുമെന്നും, എല്ലാവർക്കും ഇന്ന് തന്നെ താമസിക്കുന്ന ഇടത്തേയ്ക്ക് ഭക്ഷണമെത്തിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദേശം നൽകുമെന്നും താമസിക്കുന്ന ഇടത്തിന് അടുത്ത ഒരു മാസത്തേക്ക് വാടക നൽകേണ്ടെന്നും ഇവരെല്ലാവർക്കും സൌജന്യമായി ഇവിടെ താമസിക്കാമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

'ഖാനേ കേ ലിയേ ക്യാ കരേംഗേ സാബ്'

പത്തനംതിട്ടയിലും സമാനമായ ദുരവസ്ഥയിലാണ് ഇതരസംസ്ഥാനത്തൊഴിലാളികൾ. ജോലിയും കൂലിയുമില്ല. ഇപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനും പറയുന്നു. പുറത്തിറങ്ങി നിന്നപ്പോൾ പൊലീസ് തല്ലിയോടിച്ചു, ഇനിയെവിടെപ്പോകുമെന്ന് അറിയില്ല എന്ന് ഇവർ പറയുന്നു. 

നിരവധി ഇതരസംസ്ഥാനത്തൊഴിലാളി ക്യാമ്പുകളുണ്ട് പത്തനംതിട്ടയിൽ. ബംഗാളിൽ നിന്നും അസമിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും വന്നവർ. ഇവർക്കാർക്കും ഏപ്രിൽ 14-വരെ നാട്ടിലേക്ക് പോകാൻ ഒരു നിവൃത്തിയുമില്ല. തീവണ്ടികളില്ല. ''എല്ലാവരും ഞങ്ങളോട് നാട്ടിൽ പോകാനാണ് പറയുന്നത്. എങ്ങനെ പോകാനാണ്? നാട്ടിൽ പോയാൽ എന്തെങ്കിലും ചെയ്തേനെ. ഇത് ഞങ്ങളെ ആരും അടുപ്പിക്കുന്നുമില്ല. ഞങ്ങൾക്കിവിടെ കിടന്ന് ചാകണ്ട'', പലരും സങ്കടത്തോടെ പറയുന്നു.

കൊച്ചിയിൽ വീട്ടുമടയുടെ ക്രൂരത

ജോലിയും കൂലിയുമില്ലാത്ത ഇതരസംസ്ഥാനത്തൊഴിലാളികളോട് കൊച്ചിയിലെ വീട്ടുടമ കാണിച്ചത് ക്രൂരതയാണ്. വടക്കൻ പറവൂരിലെ ചെറിയൊരു വാടക വീട്ടിൽ ദിവസം ഓരോരുത്തരും നൂറു രൂപ വാടക കൊടുത്താണ് മുപ്പതോളം ഇതരസംസ്ഥാനത്തൊഴിലാളികൾ തിങ്ങിത്താമസിച്ചിരുന്നത്. ഈ വീട്ടിൽ നിന്ന് ഇവരെ വീട്ടുടമ ഇറക്കി വിട്ടു. ജോലി ഇല്ലാതായതോടെ കൊടുക്കാൻ പണവുമില്ലാതായതോടെയാണ് ഇവരെ വീട്ടുടമ ഇറക്കി വിട്ടത്. നാട്ടുകാർ വിളിച്ചറിയിച്ചതോടെ സ്ഥലത്ത് പൊലീസും, നഗരസഭാ അധികൃതരുമെത്തി ഇവരെ തിരികെ അവിടെത്തന്നെ താമസിപ്പിക്കാൻ നടപടികളെടുത്തു. 

ഒടുവിൽ ഇടപെട്ട് സർക്കാർ

പത്തനംതിട്ടയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽ പെട്ട സർക്കാർ ഇടപെട്ടു. ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് വേണ്ടി പുനരധിവാസ കേന്ദ്രം തയ്യാറാക്കുമെന്ന് മന്ത്രി കെ രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇവിടെ ഭക്ഷണം നൽകും. ആറ് താലൂക്കുകളിലായി കേന്ദ്രങ്ങൾ തുടങ്ങും.

പട്ടിണി ഒഴിവാക്കാൻ കമ്യൂണിറ്റി കിച്ചൻ ഉടൻ ആരംഭിക്കും. സമൂഹ വ്യാപന സാധ്യത മുന്നിൽ കണ്ട് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആറന്മുളയിൽ സമൂഹ അടുക്കള ഇന്നുതന്നെ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

click me!