കൊവിഡ് 19: മലപ്പുറത്ത് മദ്യശാലകൾ അടച്ചിടാൻ നോട്ടീസ് നല്‍കുമെന്ന് നഗരസഭ

By Web TeamFirst Published Mar 19, 2020, 9:08 AM IST
Highlights

പ്രതിപക്ഷത്തിൻ്റെ വിയോജിപ്പോടെയാണ് നടപടികൾക്ക് കൗൺസിൽ അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച് മദ്യശാലകൾക്ക് നോട്ടീസ് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകിയതായി നഗരസഭാ ചെയർപേഴ്സൺ സി എച്ച് ജമീല

മലപ്പുറം: കൊവിഡ് തടയുന്നതിന്‍റെ ഭാഗമായി നഗരസഭാ പരിധിയിലെ ബിവറേജസ് കോർപ്പറേഷന്‍റെയും കൺസ്യൂമർ ഫെഡിന്‍റെയും മദ്യശാലകൾ അടച്ചിടാൻ നോട്ടീസ് നൽകാൻ മലപ്പുറം നഗരസഭ. കൗൺസിൽ യോഗത്തിന്‍റെ താണ് തീരുമാനം. ഈ മാസം 31 വരെ അടച്ചിടണമെന്ന് കാണിച്ച് നൊട്ടീസ് നൽകാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചു.

മദ്യശാലകൾ അടച്ചിടേണ്ടെന്ന തീരുമാനത്തിൽ സംസ്ഥാന സർക്കാർ ഉറച്ച് നിൽക്കുമ്പോഴാണ് യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭ പരിധിക്കുള്ളിൽ വരുന്നവ അടക്കാൻ കൗൺസിൽ തീരുമാനമെടുത്തത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിട്ട സാഹചര്യത്തിൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നത് അപകടമാണെന്ന് ചുണ്ടിക്കാട്ടി കൗൺസിലർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഷയം ചർച്ചയായത്. 

മദ്യശാലകൾ അടപ്പിക്കാനുള്ള ഭരണസമിതിയുടെ നീക്കത്തിന് പിന്നിൽ ആത്മാർത്ഥതയില്ലെന്നാരോപിച്ച് പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തെത്തി. തിരക്ക് നിയന്ത്രിക്കാൻ വേണ്ട നടപടി ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിയമപ്രകാരം മദ്യശാലകൾക്ക് നോട്ടീസ് നൽകാൻ നഗരസഭ സെക്രട്ടറിക്ക് അധികാരമില്ലെന്നും വ്യക്തമാക്കി.

എന്നാൽ, മദ്യശാലകൾ അടച്ചിടാനുള്ള നോട്ടീസ് നൽകാൻ നിയമപ്രകാരം കഴിയില്ലെന്ന് സെക്രട്ടറി എം ഇ ബാലസുബ്രഹ്മണ്യൻ യോഗത്തിൽ അറിയിച്ചു. കൂടുതൽ പ്രതികരിക്കാനില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!