
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ കടകളിലെ തിരക്ക് ഒഴിവാക്കാനാകുമെന്നും വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രായമായവരെയും മറ്റ് രോഗം ബാധിച്ചവരെയും പ്രത്യേകം പരിചരിക്കാന്‍ പാലിയേറ്റീവ് സംഘങ്ങളുടെ സഹകരണം ഉറപ്പാക്കും. ഡോക്ടര്‍മാര്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ട സ്ഥിതി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഐടി രംഗത്ത് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങും പവര്‍ കട്ടും ഇല്ലാതെ വൈദ്യുതി ലഭ്യമാക്കും. നാം ഇന്നത്തെ അവസ്ഥയല്ല കാണേണ്ടത്. ഇത് മോശമായാല്‍ എന്ത് ചെയ്യുമെന്ന് ചിന്തിക്കണം. ഇതിന്റെ ഭാഗമായി കൂടുതല്‍ ടെസ്റ്റിങ് സൗകര്യമൊരുക്കും. രോഗം ഉദ്ദേശിക്കാത്ത തരത്തില്‍ വ്യാപിക്കുന്നുണ്ട്, അത് ലോകത്തിന്റെ അനുഭവമാണ്. നേരിയ ജാഗ്രതക്കുറവ് പോലും ഉണ്ടാകരുത്.
പത്രം, പാല്‍ വിതരണക്കാര്‍ അവരൊക്കെ നല്ല രീതിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ പാലിക്കണം. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എല്ലാവരും ഇക്കാര്യം നല്ല പോലെ ശ്രദ്ധിക്കണം.വിമാനത്താവളങ്ങളില്‍ പരിശോധന നടക്കുമ്പോള്‍ എല്ലാവരെയും അതിന്റെ ഭാഗമാക്കണം. ഇവിടെ കഴിയുന്ന വിദേശികള്‍ രോഗമില്ലാത്തവരാണെങ്കില്‍ തിരിച്ചുപോകാന്‍ മറ്റ് തടസങ്ങളുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam