
കൊല്ലം: സംസ്ഥാനത്ത് തുടരുന്ന ആന്‍റി ബോഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങി. രോഗം വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു
നിലവിലെ സ്ഥിതി പരിഗണിച്ചാൽ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പറയുന്നത്.
കൊല്ലത്ത് ദ്രുത പരിശോധനയില്‍ ഒരാള്‍ക്ക് ഐ ജി ജി പോസിറ്റീവ് ആയി കണ്ടെത്തി. അതായത് രോഗം വന്നുപോയി എന്ന് ചുരുക്കം. രോഗ ഉറവിടം അജ്ഞാതം, തിരുവനന്തപുരത്ത് പരിശോധന നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നാലുപേര്‍ പോസീറ്റീവ് ആയി. എന്നാല്‍ പിസിആര്‍ പരിശോധനയില്‍ അത് നെഗറ്റീവ് ആയി. ഒരു പക്ഷേ രോഗം വന്ന് ഭേദമായതാകാമിതെന്നാണ് നിഗമനം. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കു പ്രകാരം മാര്‍ച്ച് 23 മുതല്‍ ഇതുവരെ ഉറവിടമറിയാത്ത 70ലേറെ കൊവിഡ് രോഗികൾ ഉണ്ട്. ഇതുവരെ 21 മരണങ്ങൾ. ഇതില്‍ 8 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കണക്കുകള്‍ സമൂഹ വ്യാപന സാധ്യതയാണ് വ്യക്തമാക്കുന്നതെന്നാണ് വിദഗ്ധ പക്ഷം.
ഉറവിടമറിയാത്ത രോഗബാധിതരെക്കുറിച്ച് പഠിക്കാൻ ജില്ല മെഡിക്കൽ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയെങ്കിലും ആകെ മൂന്നുപേരുടെ സമ്പർക്ക പട്ടിക മാത്രമാണ് കണ്ടെത്താനായത്. ഗുരുതര ശ്വാസകോശ രോഗങ്ങളടക്കം കൊവിഡ് ലക്ഷണങ്ങളോടെ ചികില്‍സ തേടുന്ന എല്ലാവരേയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പൂര്‍ണമായും പാലിക്കപ്പെടുന്നില്ല. പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam