കൊച്ചിയിൽ പൊലീസുകാരന് കൊവിഡ്: ഹൈക്കോടതി ജഡ്‌ജ് ക്വാറന്റീനിൽ പ്രവേശിച്ചു

By Web TeamFirst Published Jun 19, 2020, 11:28 PM IST
Highlights

ഇദ്ദേഹം വിജിലൻസ് ഓഫിസിലും എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിജിലൻസ് പ്രോസിക്യൂട്ടർ രാജേഷ് അടക്കം ക്വാറന്റീനിൽ പ്രവേശിച്ചു

കൊച്ചി: എറണാകുളത്ത് ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഹൈക്കോടതി ജഡ്ജിനെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ജസ്റ്റിസ് സുനിൽ തോമസാണ് ക്വാറന്റീനിൽ പ്രവേശിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനെത്തിയിരുന്നു.

ഇദ്ദേഹം വിജിലൻസ് ഓഫിസിലും എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിജിലൻസ് പ്രോസിക്യൂട്ടർ രാജേഷ് അടക്കം ക്വാറന്റീനിൽ പ്രവേശിച്ചു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥനൊപ്പം ജോലി ചെയ്ത പൊലീസുകാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കൊവിഡ് സെന്ററിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്നയാളാണ് ഇദ്ദേഹമെന്നാണ് വിവരം.

ഇന്നലെ തന്നെ ഇദ്ദേഹമടക്കമുള്ള പത്ത് പേരുടെ സ്രവം പരിശോധനക്ക് അയക്കുകയും പൊലീസുകാരെ ക്വാറന്റീനിലാക്കുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 59 പേരിൽ 45പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.12 പേർ സർക്കാർ നിശ്ചയിച്ച ക്വാറന്റീൻ കേന്ദ്രത്തിലുമാണ്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ രോഗ ലക്ഷണങ്ങളോടെ വെങ്ങോല സർക്കാർ ആശുപത്രിയിലും സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഈ സമയം രണ്ടിടത്തും ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടർ അടക്കമുള്ളവരോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. 

ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബാക്കി ഉള്ളവരുടെ പരിശോധനയും അടുത്ത ദിവസം നടത്തും. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട ഭൂരിഭാഗം പേരെയും കണ്ടെത്തിയതിനാൽ റൂട്ട് മാപ്പ് വേണ്ടി വരില്ലെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പിന്‍റെ ഇന്നത്തെ ഫീൽഡ് പരിശോധനക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. 

click me!