
തൊടുപുഴ: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ഡോമിസിലറി കെയർ സെന്‍ററുകൾ തുടങ്ങുന്നു. ഇതിനായി ജില്ലാഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ ഓരോ താലൂക്കുകളിലും സെന്‍റർ തുറക്കാനാണ് നിർദ്ദേശം.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള മതിയായ ക്വാറന്‍റൈൻ സൗകര്യങ്ങൾ വീട്ടിൽ ഇല്ലാത്തവരുമായ കോവിഡ് രോഗികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള സംവിധാനമാണ് ഡോമിസിലറി കെയർ സെന്‍റർ. കൊവിഡിന്‍റെ ആദ്യഘട്ടത്തിൽ ഇത്തരം രോഗികളെയെല്ലാം കൊവിഡ് ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റുകളിലാണ് പാർപ്പിച്ചിരുന്നത്. എന്നാൽ നിരവധി പേർ സിഎഫ്എൽടിസി സൗകര്യം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി.
ഇടുക്കി ജില്ലയിൽ മൂന്ന് ഡോമിസിലറി കെയർ സെന്‍റർ തുറക്കാൻ ധാരണയായി. ഓരോ സെന്‍ററിലും 600 കിടക്കകൾ വച്ച് 1800 കിടക്കകൾ മൂന്നിടത്തുമായി സജ്ജീകരിക്കും. ഇവിടെ വച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ സിഎഫ്എൽടിസികളിലേക്ക് മാറ്റും. കൊവിഡിന്‍റെ ആദ്യഘട്ടത്തിൽ സജ്ജീകരിച്ചത് പോലെ ഓരോ താലൂക്കുകളിലും ആവശ്യാനുസരണം സിഎഫ്എൽടിസികൾ ക്രമീകരിക്കാനും ജില്ലാഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam