കൊവിഡ് പരിശോധനക്ക് കേരളത്തിൽ 4 സര്‍ക്കാര്‍ ലാബുകള്‍ കൂടി

By Web TeamFirst Published Apr 18, 2020, 4:14 PM IST
Highlights

എറണാകുളം മെഡിക്കല്‍ കോളേജിന് കൂടി ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്.

തിരുവനന്തപുരം:  കൊവിഡ് പരിശോധനക്ക് കേരളത്തിൽ 4 സര്‍ക്കാര്‍ ലാബുകള്‍ കൂടി. എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ കൂടിയാണ് പരിശോധന സൗകര്യം വരുന്നത്. എറണാകുളം മെഡിക്കല്‍ കോളേജിന് ഐസിഎംഐര്‍ അനുമതി ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്. മറ്റ് മൂന്നിടങ്ങളിൽ ഉടൻ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഓഫീസ് അറിയിച്ചു. എറണാകുളം മെഡിക്കല്‍ കോളേജിന് കൂടി ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്.

എന്‍ഐവി ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് കോവിഡ് 19 പരിശോധന നടത്തി വരുന്നത്. ഇത് കൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബകളിലും പരിശോധന നടക്കുന്നുണ്ട്. 

സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുപയോഗിച്ചാണ് പുതിയ ലാബുകള്‍ സജ്ജമാക്കിയതെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

click me!