സ്പ്രിംക്ലർ വിവാദം: ഐടി സെക്രട്ടറിയെ നീക്കണം; പിണറായിയെ സിപിഎം പിബി തിരുത്തണമെന്നും ബെന്നി ബഹന്നാൻ

By Web TeamFirst Published Apr 18, 2020, 4:01 PM IST
Highlights

സ്പ്രിംക്ലർ വിവാദവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമേറ്റ ഐ.ടി സെക്രട്ടറിയെ നീക്കം ചെയ്യാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ബെന്നി ബഹന്നാൻ എംപി

കൊച്ചി: സ്പ്രിംക്ലർ വിവാദവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമേറ്റ ഐ.ടി സെക്രട്ടറിയെ നീക്കം ചെയ്യാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ബെന്നി ബഹന്നാൻ എംപി. ഗുരതരമായ ആരോപണമാണ് ഇത്. പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് സർക്കാർ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താൻ സിപിഎം പൊളിറ്റ്ബ്യുറോ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പ്രിംക്ലറുമായി ബന്ധപെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. കരാർ നിയമ വിരുദ്ധമാണ്. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ഐടി വിഭാഗവും സ്പ്രിംക്ലറും തമ്മിലുള്ള കരാറിൽ ശേഖരിക്കുന്ന വിവരങ്ങൾ ആഗോള തലത്തിൽ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

നമ്മുടെ എല്ലാ അവകാശങ്ങൾക്കും തീറെഴുതി കൊടുത്തുകൊണ്ടാണ് സ്പ്രിംക്ലർ കമ്പനിയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. തർക്കമുണ്ടായാൽ ന്യൂയോർക്കിലെ കോടതിക്ക് മാത്രമേ ഇടപെടാനാകൂവെന്നും കരാറിൽ പറയുന്നുണ്ട്. സെൻസിറ്റീവ് ആയ വിവരങ്ങളാണ് കമ്പനി ശേഖരിക്കുന്നത്. കൊവിഡ്  രോഗികളുടെയും  ജീവിതശൈലി രോഗങ്ങളുടെയും  വിവരം വരെ കമ്പനിക്ക് ലഭിക്കും.

അധികാരത്തിൽ ഇരിക്കുന്ന ആളുകൾക്ക് ബാധിക്കുന്ന വൈറസാണ് ഏറ്റവും വലിയ അപകടം. കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നേറ്റം ഏതെങ്കിലും ഒരാളുടെ വ്യക്തിപരമായ നേട്ടമല്ല. നേട്ടം പറഞ്ഞ് ആളുകളുടെ സ്വകാര്യത വിറ്റ് കാശാക്കാൻ അനുവദിക്കില്ല. വിവരങ്ങൾ വിശദമായി പഠിച്ചശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എംപി പറഞ്ഞു.

click me!