കൊവിഡ് പ്രതിരോധം: 24 വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ഒറ്റയടിക്ക് പാസാക്കി നിയമസഭ പിരിഞ്ഞു

By Web TeamFirst Published Mar 13, 2020, 3:54 PM IST
Highlights

പ്രതിപക്ഷത്തിന്‍റെ അഭാവത്തിൽ റവന്യു ആരോഗ്യം പൊതുമരാമത്ത് പൊതുവിതരണം ഉൾപ്പടെ 24 വകുപ്പുകളുടെ ധനാഭ്യർത്ഥ ചർച്ചകൂടാതെ പാസാക്കിയാണ് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്

തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സഭ സമ്മേളം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷത്തിന്‍റെ അഭാവത്തിൽ റവന്യു ആരോഗ്യം പൊതുമരാമത്ത് പൊതുവിതരണം ഉൾപ്പടെ 24 വകുപ്പുകളുടെ ധനാഭ്യർത്ഥ ചർച്ചകൂടാതെ പാസാക്കിയാണ് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ നിയമസഭ ചേരുന്നത് ശരിയല്ലെന്ന നിലപാടാണ്  മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. എന്നാൽ ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ പാസാക്കാനുള്ള സർക്കാരിന്‍റെ നീക്കമാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. മുൻപ് ഉമ്മൻചാണ്ടി സർ‍ക്കാരിന്‍റെ കാലത്തും ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ പാസാക്കിയിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. എന്നാലത് പ്രതിപക്ഷം സ്പീക്കറുടെ കസേര എടുത്തെറിഞ്ഞത് കൊണ്ടാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി. 

സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ച് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്ക്കരിച്ചു. സഭക്ക് മുന്നിൽ മറ്റ് അജണ്ടയില്ലാത്തതിനാൽ പിരിയണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി നടത്താതെ സഭ പിരിയുകയാമെന്ന് സ്പീക്കർ അറിയിക്കുകായിരുന്നു. ദേശീയഗാനവും ആലപിച്ചില്ല. ഇതും ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!