ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ 24-കാരിയായ സിമിയെ മരിച്ച നിലയില്‍ കണ്ടെത്തി. സോപ്പ് എടുക്കാന്‍ ഭര്‍ത്താവ് പോയി തിരിച്ചെത്തിയപ്പോള്‍ സിമിയെ കാണാതാവുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെയ്യാർ ഡാമിനടുത്തുള്ള വീട്ടില്‍ നിന്നും നിതിനൊപ്പം നെയ്യാര്‍ ജലസംഭരണിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാന്‍ മറന്നുപോയതിനാൽ നിതിൻ തിരികെ വീട്ടിലേക്ക് പോയി. തിരിച്ചെത്തിയപ്പോൾ സിമിയെ കാണാൻ കഴിഞ്ഞില്ലെന്നാണ് നിതിൻ പൊലീസിനോട് പറഞ്ഞത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ നെയ്യാർ ഡാമിന് സമീപത്ത് വീണ് കിടക്കുന്ന നിലയില്‍ സിമിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിമിയുടെ അസ്വാഭാവിക മരണത്തിൽ നെയ്യാർ ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ. ഇതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.


