ക്ലസ്റ്ററുകളിൽ കുറയാതെ രോഗവ്യാപനം, തിരുവനന്തപുരത്തും ആലുവയിലും എണ്ണം കുത്തനെ കൂടി

By Web TeamFirst Published Jul 20, 2020, 3:47 PM IST
Highlights

സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള തിരുവന്നതപുരം ജില്ലയിലെ ക്ലസ്റ്ററുകളിൽ കഴിഞ്ഞ മൂന്ന് ദിവസവും രോഗികളുടെ എണ്ണം വർദ്ധിച്ചു. 1884 പേരാണ് തിരുവനന്തപുരം ജില്ലയിൽ ചികിത്സയിലുള്ളത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ക്ലസ്റ്ററുകളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. തിരുവനന്തപുരം ജില്ലയിലെ പൂന്തുറയുൾപ്പെടുന്ന ആറ് ക്ലസ്റ്ററുകളിലും രോഗവ്യാപനം കൂടി. നൂറ്റിയൻപതിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ച എറണാകുളത്തെ ആലുവ ക്ലസ്റ്ററിൽ 84 പേർക്കാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. പൊന്നാനിയിൽ മൂന്നു ദിവസത്തിനിടെ നാലു പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. പട്ടാമ്പിയിൽ രോഗികളുടെ എണ്ണം കൂടിയതോടെ ഇതൊരു ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള തിരുവന്നതപുരം ജില്ലയിലെ ക്ലസ്റ്ററുകളിൽ കഴിഞ്ഞ മൂന്ന് ദിവസവും രോഗികളുടെ എണ്ണം വർദ്ധിച്ചു. 1884 പേരാണ് തിരുവനന്തപുരം ജില്ലയിൽ ചികിത്സയിലുള്ളത്. പൂന്തുറ, പുല്ലുവിള, പുതിയതുറ, പുതുക്കുറിച്ചി, മുട്ടത്തറ, അഞ്ചുതെങ്ങ് എന്നിവയാണ് തിരുവനന്തപുരത്തെ പ്രധാന ക്ലസ്റ്ററുകൾ. പൂന്തുറയിൽ 570-ലേറെയും പുല്ലുവിളയിൽ 260-ലേറെയും പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

എറണാകുളത്തെ തീരമേഖലയായ ചെല്ലാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനകം 64 പേർക്ക് രോഗം സ്ഥിരീകരിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന ചെല്ലാനത്ത് 201 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 157 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ച ആലുവ ക്ലസ്റ്ററിൽ 84 പേർക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ മൂന്ന് ദിവസത്തിനകമാണ്. കീഴ്മാട് ക്ലസ്റ്ററിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. പത്തനംതിട്ട കുമ്പഴ ക്ലസ്റ്ററിൽ 28 പേർക്കാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. കുമ്പഴയിൽ ആകെ 124 പേർക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. 

കോട്ടയം ജില്ലയിലെ ഏക ക്ലസ്റ്ററായ പാറത്തോട് 15 പേർക്കും ഇടുക്കി രാജാക്കാട് ക്ലസ്റ്ററിൽ 36 പേർക്കും രോഗം സ്ഥിരീകരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ 30 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

പാലക്കാട് പട്ടാമ്പി ക്ലസ്റ്ററിൽ കഴിഞ്ഞ രണ്ട് ദിവസം രോഗം സ്ഥിരീകരിച്ചത് 81 പേർക്കാണ്. ഇതിൽ 67 പേർക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത് എന്നത് ചെറിയ ആശങ്കയല്ല ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് മന്ത്രി എ കെ ബാലൻ പട്ടാമ്പിയെ വലിയ ക്ലസ്റ്ററായിത്തന്നെ കണക്കാക്കി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 

പട്ടാമ്പിയിലേത് ഭയാനകമായ സാഹചര്യമാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നു. ക്ലസ്റ്ററായി എന്ന് കണക്കാക്കിയ സ്ഥിതിക്ക് പട്ടാമ്പി താലൂക്കിലും തൊട്ടടുത്തുള്ള നെല്ലായ പ‌ഞ്ചായത്തിലുമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇവിടെ അനുബന്ധക്ലസ്റ്ററുകൾ വരാൻ സാധ്യതയുണ്ടെന്നതിനാൽ, കൂടുതൽ റാപ്പിഡ് ടെസ്റ്റ് നടത്തി സമീപപ്രദേശങ്ങളിൽ എങ്ങനെയെല്ലാം നിയന്ത്രണം വേണമെന്നാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.

മലപ്പുറം ജില്ലയിൽ പൊന്നാനി ഉൾപ്പെടെ നാല് ക്ലസ്റ്ററുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ തൂണേരി, നാദാപുരം ക്ലസ്റ്ററുകളിൽ 16 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു.

കണ്ണൂർ കൂത്തുപറമ്പിലെ സിഐഎസ്എഫ് ക്യാംപ് ക്ലസ്റ്ററിൽ ഇതുവരെ 76 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പുതുതായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ആർക്കും രോഗം വന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. കണ്ണൂർ കണ്ടോൺമെന്‍റ് ഏരിയയിലെ ഡിഫൻസ് സെക്യൂരിറ്റി കോറിൽ മാത്രം 52 പേർക്ക് രോഗം പിടിപെട്ടു. കാസർകോട് ജില്ലയിൽ നാല് ക്ലസ്റ്ററുകളാണുള്ളത്. ചെങ്കല, മംഗൽപാടി എന്നി മേഖലകളിൽ രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

click me!