'അന്ന് അപ്പച്ചനും അമ്മച്ചീം നന്നായി ഉറങ്ങി, പുലർച്ചെ വരെ പാട്ടു പാടി', ആ നഴ്സുമാർ പറയുന്നു

By Web TeamFirst Published Apr 3, 2020, 5:21 PM IST
Highlights

''കൊച്ചു കുട്ടികളെ നോക്കുന്നത് പോലെയാ. കൊച്ചു കൊച്ച് വാശികളൊക്കെ ഉണ്ടായിരുന്നു. റാന്നിയിലെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമേ കഴിക്കൂ എന്ന് വാശി പിടിച്ചു. റാന്നിയിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പറഞ്ഞ് പാലൊക്കെ കൊടുത്തു'', വൃദ്ധദമ്പതികളെ നോക്കിയ നഴ്സുമാർ.

കോട്ടയം: ''ഒരു ദിവസം പുലർച്ചെ എനിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് അനൂപ് എനിക്ക് മെസ്സേജ് ചെയ്തു. മാഡം, അപ്പച്ചനും അമ്മച്ചിയും ഇന്ന് നന്നായി ഉറങ്ങി കേട്ടോ. പുലർച്ചെ വരെ ഞാനിരുന്ന് പാട്ടു പാടുവായിരുന്നു'', കോട്ടയം മെഡിക്കൽ കോളേജിലെ മുതിർന്ന നഴ്സുമാരിൽ ഒരാൾ ആ ഐസിയു ദിനങ്ങളെക്കുറിച്ച് ഓർത്തെടുത്തതാണ്. 

രാജ്യത്തെ ഏറ്റവും പ്രായമേറിയ വൃദ്ധദമ്പതികളാണ് ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് രോഗം മാറി വീട്ടിലേക്ക് പോയത്. കൊച്ചു കേരളത്തിന്‍റെ കാര്യക്ഷമമായ ആരോഗ്യമാതൃകയുടെ തിളക്കമേറിയ നേട്ടങ്ങളിലൊന്ന്. ആശുപത്രികൾ നിറഞ്ഞു കവിയുന്ന വികസിത രാജ്യങ്ങളിൽ അസുഖം മാറാൻ സാധ്യത കുറഞ്ഞവരെ ചികിത്സിക്കേണ്ടെന്ന് തീരുമാനിക്കുമ്പോൾ, ഇവരെ അതീവ ശ്രദ്ധയോടെ പരിചരിക്കാനും ചികിത്സിക്കാനുമാണ് കേരളം തീരുമാനിച്ചത്.

93 വയസ്സായ തോമസ്സും, 88 വയസ്സുള്ള മറിയാമ്മയും പലപ്പോഴും ആശുപത്രിയിൽ കൊച്ചു കുട്ടികളെപ്പോലെയായിരുന്നു. ഭാര്യയെ കാണണമെന്ന് തോമസ്സും, ഭർത്താവിനെ കാണണമെന്ന് മറിയാമ്മയും ഇടയ്ക്കിടയ്ക്ക് വാശി പിടിച്ചു. ചിലപ്പോൾ പിണങ്ങി ഉറങ്ങാതെ ഇരുന്നു. ചിലപ്പോൾ ഭക്ഷണം കഴിക്കാതിരുന്നു. വീട്ടിലെ ഭക്ഷണം കിട്ടിയില്ലെങ്കിൽ കഴിക്കില്ലെന്ന് പിണങ്ങി. കൊച്ചുകുട്ടികളെ നോക്കുന്നത് പോലെ കോട്ടയം മെഡിക്കൽ കോളേജിലെ ട്രെയിനി നഴ്സുമാരും മുതിർന്ന നഴ്സുമാരും അവരുടെ ഒപ്പം ഇരുന്നു.

മാർച്ച് ഒമ്പതാം തീയതി രാത്രിയാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി തന്നെ തോമസിന് ഹൃദയാഘാതമുണ്ടായി. 93-കാരനായ തോമസിനെ ഉടനടി ഐസിയുവിലേക്കും, അവിടെ നിന്ന് വെന്‍റിലേറ്ററിലേക്കും മാറ്റേണ്ടി വന്നു. ഗുരുതരമായ ശ്വാസതടസ്സമുണ്ടായിരുന്നു. അതീവശ്രദ്ധയോടെയാണ് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ ഇവരെ പരിചരിച്ച ആരോഗ്യപ്രവർത്തകരുടെ സംഘം മുന്നോട്ടു നീങ്ങിയത്. ഓരോ ആറു മണിക്കൂറിലും ഡോക്ടർമാർ അടക്കമുള്ളവർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ഇതിനിടെ, ഇവരെ ചികിത്സിച്ച നഴ്സുമാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൂടുതൽ ശ്രദ്ധയായി. നാല് മണിക്കൂർ വച്ച് നഴ്സുമാർ ഡ്യൂട്ടി മാറി ഇവരെ പരിചരിച്ചു. രാത്രി മാത്രം ഒരാൾ മുഴുവൻ സമയവും ഇരിക്കും. 

കടുത്ത ആശങ്കകളുണ്ടായിരുന്നു പലപ്പോഴും ഡോക്ടർമാർക്കും ആരോഗ്യമന്ത്രിക്ക് തന്നെയും. അതിനെയെല്ലാം പതുക്കെ അസ്ഥാനത്താക്കി തോമസിന്‍റെ ആരോഗ്യനില മെച്ചപ്പെടാൻ തുടങ്ങി. ബോധത്തിലേക്ക് തിരികെ വന്നപ്പോൾ തോമസ് ആദ്യം ആവശ്യപ്പെട്ടത് ഭാര്യയെ കാണണമെന്നാണ്. നിർബന്ധം പിടിച്ചപ്പോൾ അവരെ വിവിഐപികളെ ചികിത്സിക്കുന്ന ഐസിയുവിലേക്ക് മാറ്റി ഡോക്ടർമാർ.

പരസ്പരം കാണാൻ കഴിയുന്ന തരത്തിലുള്ള മറ ഇട്ടുകൊടുത്തു. എല്ലായ്പോഴും ഇരുവരും പരസ്പരം കണ്ടുകൊണ്ടിരുന്നു. ദിവസങ്ങൾക്ക് ശേഷം മറിയാമ്മയെ കണ്ടപ്പോൾ തോമസിന്‍റെ മുഖത്തും ആശ്വാസം.

പിന്നീട് അവരുടെ ഓരോ ആവശ്യവും സാധിച്ച് കൊടുത്തും, പറയുന്നതെല്ലാം കേട്ടും അതീവശ്രദ്ധയോടെയുള്ള പരിചരണം. ഏറ്റവുമൊടുവിൽ, ഒരു മാസത്തിന് ഏതാണ്ട് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, തോമസ്സും മറിയാമ്മയും അവരുടെ പ്രായത്തിൽ ബാധിക്കാവുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നിനോട് ഗുഡ്ബൈ പറഞ്ഞ് ആശുപത്രി വിട്ടിറങ്ങുന്നു. വെന്‍റിലേറ്ററിലായിരുന്ന തോമസ് നഴ്സുമാരുടെ തോൾ പിടിച്ച് പതുക്കെ ആംബുലൻസിലേക്ക് കയറുന്നു. പിന്നാലെ മറിയാമ്മയും. ഒരു മാസം കൂട്ടിരുന്ന, ഓരോ വാശിയും മക്കളെപ്പോലെ കേട്ട നഴ്സുമാരുടെയും ഡോക്ടർമാരുടെയും മുഖത്തേക്ക് നോക്കിയ മറിയാമ്മ കൈ കൂപ്പി, നിറഞ്ഞ സ്നേഹത്തോടെ. 

നിറയെ സ്നേഹത്തോടെ,  ആ കൈകൂപ്പലിനോട് നഴ്സുമാർ കൈ വീശിക്കൊണ്ട് യാത്ര പറഞ്ഞു. ഇനിയാരെയും ആ കൊവിഡ് വാർഡിൽ അവർക്ക് ചികിത്സിക്കാനില്ലല്ലോ. 

click me!