ഓക്സിജൻ സ്റ്റോക്ക് വളരെ വേഗം കുറയുന്നു; കേന്ദത്തോട് 1000 മെട്രിക് ടൺ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 5, 2021, 6:28 PM IST
Highlights

രണ്ടാം തരം​ഗത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനാൽ ഓക്സിജൻ ആവശ്യം കൂടി. മതിയായ ഓക്സിജൻ ഉറപ്പാക്കാൻ കേന്ദ്രസഹായം ആവശ്യമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത അതിവേഗം കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ഓക്സിജൻ ക്ഷാമം ഉണ്ടെന്നല്ല പറയുന്നത്.  രണ്ടാം തരം​ഗത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനാൽ ഓക്സിജൻ ആവശ്യം കൂടി. മതിയായ ഓക്സിജൻ ഉറപ്പാക്കാൻ കേന്ദ്രസഹായം ആവശ്യമാണ്. ഇറുക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്സിജൻ 1000 മെട്രിക് ടൺ കേരളത്തിന് ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ തന്നെ 500 മെട്രിക് ടൺ അത്യാവശ്യമായി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു 

സംസ്ഥാനത്ത് ഓക്സിജൻ വിതരണത്തിൽ നിലവിൽ പ്രശ്നങ്ങളില്ല. വലിയ തോതിൽ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ ഓക്സിജൻ എത്തിക്കും. ഓക്സിജൻ പ്രധാനമായ സം​ഗതിയായത് കൊണ്ട് ആവശ്യത്തിലധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോ​ഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്സിജൻ എത്തിക്കാൻ ആരോ​ഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം.

ഇപ്പോഴത്തെ നമ്മുടെ ഐസിയു ബെഡുകളുടെ അവസ്ഥ  സർക്കാർ ആശുപത്രികളിൽ 2857 ഐസിയു ബെഡുണ്ട്. അതിൽ  996 ബെഡുകളിൽ കൊവിഡ് രോ​ഗികളും 756 ബെഡുകളിൽ മറ്റു രോ​ഗികളുമാണുള്ളത്. സർക്കാർ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകളാണ് ഇപ്പോൾ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7805 ഐസിയു ബെഡുകളിൽ 1037 എണ്ണമാണ് കൊവിഡ് രോ​ഗികൾക്കായി നിലവിൽ ഉപയോ​ഗിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ നിലവിലുള്ള ആകെ വെൻ്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 441 വെൻ്റിലേറ്ററുകൾ കൊവിഡ് രോ​ഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കൊവിഡേതര രോ​ഗികളുടെ ചികിത്സയ്ക്കും ഉപയോ​ഗിക്കും. സർക്കാർ ആശുപത്രികളിലെ മൊത്തം വെൻ്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോൾ ഉപയോ​ഗത്തിലുള്ളത്.

സ്വകാര്യ ആശുപത്രികളിൽ 1523 വെന്റിലേറ്ററുകളിൽ 377 എണ്ണമാണ് നിലവിൽ കൊവിഡ് ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ ആകെയുള്ള 3231 ഓക്സിജൻ ബെഡുകളിൽ 1731 എണ്ണം കൊവിഡ് രോ​ഗികൾക്കായി മാറ്റിവച്ചിട്ടുണ്ട്. അതിൽ 1429 ബെഡുകളും രോ​ഗികൾ ചികിത്സയിലുണ്ട്. 546 പേർ കൊവിഡേതര രോ​ഗികളാണ്. മൊത്തം 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും നിലവിൽ ഉപയോ​ഗത്തിലാണ്.

ഡയറക്ടേറ്റ് ഓഫ് ഹെൽത്ത് സർവ്വീസിന് കീഴിലെ ആശുപത്രികളിൽ 3001 ഓക്സിജൻ ബെഡുള്ളതിൽ 2028 ബെഡുകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവച്ചു. അവയിൽ 1373 എണ്ണത്തിൽ ആളായി കൊവിഡേതര രോ​ഗികളെ എടുത്താലും 52 ശതമാനം ബെഡുകളിലും രോ​ഗികളായി. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ ബെഡുകളിൽ 66.16 ശതമാനം ബെഡുകൾ ഇതിനോടകം ഉപയോ​ഗത്തിൽ ആയി  കഴിഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

click me!