കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാം വാർഷികാഘോഷങ്ങൾ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിപാടികളോടെ തിരുവനന്തപുരത്ത് തുടങ്ങി. പഠനത്തോടൊപ്പം മാസം 40,000 രൂപ വരെ വരുമാനം നേടാനുള്ള അവസരവും സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകുന്നു.
തിരുവനന്തപുരം: കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി അഞ്ചാം വാർഷികാഘോഷങ്ങൾ തിരുവനന്തപുരത്ത് തുടങ്ങി. ഈ മാസം 22 വരെ നടക്കുന്ന വാർഷികാഘോഷത്തിൻ്റെ ഭാഗമായി നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള വിവിധ പരിപാടികളാണ് നടക്കുന്നത്. വിവിധ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമായി എത്തിയ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് പരിപാടികൾ. എഐ ഹാക്കത്തോൺ, എഐ പവേർഡ് ക്വിസ്, സ്കൂൾ കുട്ടികൾക്കായുള്ള എഐ പരിശീലന ക്ലാസുകൾ, പാനൽ ചർച്ചകളും ഇതോടനുബന്ധിച്ച് നടക്കും.
ഭാവി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കോഴ്‌സുകളാണ് കേരള ഡിജിറ്റൽ സർവകലാശാലയുടെ പ്രത്യേകത. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ഭാഗമായതിനാൽ തന്നെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം നേടാനും അവസരമുണ്ട്. മാസം പതിനായിരം രൂപ മുതൽ 40000 രൂപ വരെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം നേടാനും സാധിക്കുമെന്നതാണ് സർവകലാശാലയുടെ പ്രത്യേകത. പഠനത്തോടൊപ്പം പ്രായോഗിക തൊഴിൽ പരിശീലനവും ഇവിടെ ഉറപ്പാക്കുന്നുണ്ട്. 27 പേറ്റന്റുകൾ സ്വന്തമാക്കിയ സവകലാശാലയിലെ അധ്യാപകർ, ദേശീയ-അന്തർദേശീയ പദ്ധതികളിലും ഭാഗമാണ്.
പഠനത്തോടൊപ്പം പ്രായോഗിക തൊഴിൽ പരിശീലനം ഏകീകരിക്കുന്ന സമഗ്ര പദ്ധതികളിലൂടെ ആഗോള നിലവാരത്തിലുള്ള ഡിജിറ്റൽ മാതൃക സൃഷ്ടിക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യമെന്ന് വിസി ഡോ.സജി ഗോപിനാഥ് പറയുന്നു. അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടികളിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഐടി സെക്രട്ടറി സാംബശിവ റാവു, കെഎസ്ഐടിഎൽ എംഡി സന്തോഷ് ബാബു, അലയൻസ് സർവീസസ് സിഇഒ ജിസൻ ജോൺ, ടാറ്റാ എലക്സി ഹെഡ് എ.ശ്രീകുമാർ, യുഎസ്‌ടി ഗ്ലോബൽ റീജിയണൽ ഹെഡ് ശിൽപ മേനോൻ തുടങ്ങിയവർ സംസാരിക്കും. ഫിലിം മേക്കിങ് ശിൽപശാല, ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികളും ഇതിൻ്റെ ഭാഗമായി നടക്കും.


