കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്; പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

By Web TeamFirst Published May 23, 2020, 8:56 PM IST
Highlights

മൂന്ന് ആരോഗ്യപ്രവർത്തകരടക്കം 19 പേർക്കാണ് ഇന്ന് പാലക്കാട് ജില്ലയിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്.  ഈ സാഹചര്യത്തിലാണ് രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നടപടികളിലേക്ക് ജില്ല കടക്കുന്നത്.

​പാലക്കാട്: കൊവിഡ് രോഗികളുടെ എണ്ണത്തിൽ പെട്ടന്നുണ്ടാ വർധനവ് കണക്കിലെടുത്ത് പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

 

മൂന്ന് ആരോഗ്യപ്രവർത്തകരടക്കം 19 പേർക്കാണ് ഇന്ന് പാലക്കാട് ജില്ലയിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്, ഇതിൽ ഒരാൾ മലപ്പുറത്താണ് ചികിത്സയിൽ കഴിയുന്നത്. നിലവിൽ 44 പേർ ജില്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.  

പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് സ്റ്റാഫ് നഴ്സുമാർക്കും, വാളയാർ ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 22 വയസുകാരിയായ ആരോഗ്യപ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 വയസ് പ്രായമുള്ള കുട്ടിയും ഉണ്ട്. മെയ് 11ന് ഗുജറാത്തിൽ നിന്നും എത്തിയ വെള്ളിനേഴി സ്വദേശിയായ പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് സ്രവം പരിശോധനയ്ക്ക് എടുത്തത്.

അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും മുംബൈയിൽ നിന്നു വന്ന രണ്ടുപേർക്കും ചെന്നൈയിൽ നിന്ന് വന്ന എട്ടു പേർക്കും വാളയാർ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്കും രോഗബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേർക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരം ലഭ്യമായിട്ടില്ല.

click me!