കൊവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും; രോഗിയെ പുഴുവരിച്ച സംഭവത്തിലാണ് തുടര്‍ നടപടി

By Web TeamFirst Published Oct 12, 2020, 12:21 PM IST
Highlights

രോഗിയുടെ അവസ്ഥ മനസിലാക്കി കൊവിഡ് മെഡിക്കൽ ബോർഡിന് തീരുമാനം എടുക്കാം. രോഗിയെ പുഴുവരിച്ച സംഭവത്തെ തുടർന്നാണ് നടപടി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കൊവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുടെ അവസ്ഥ മനസിലാക്കി കൊവിഡ് മെഡിക്കൽ ബോർഡിന് തീരുമാനം എടുക്കാം. രോഗിയെ പുഴുവരിച്ച സംഭവത്തെ തുടർന്നാണ് നടപടി

രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണം. നേരത്തെ കൊവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവര്‍ക്കുമാകാം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍കേണ്ടതാണ്. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കും. കൂട്ടിരിക്കുന്നയാള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട് 

click me!