
കോട്ടയം/ഇടുക്കി: ഇന്ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ 65കാരിയുടെ യാത്ര പൊലീസിനും ആരോഗ്യവകുപ്പിനും തലവേദനയാകുന്നു. ഓസ്ട്രേലിയയിൽ നിന്ന് ഇവർ ഇന്ത്യയിൽ തിരിച്ചെത്തിയത് മാർച്ച് 21നാണ്. തുടർന്ന് ദില്ലിയിൽ നിരീക്ഷണത്തിലാക്കിയതായിരുന്നു. എന്നാൽ ഐസൊലേഷൻ നിർദ്ദേശം ലംഘിച്ച് ഇവർ ഏപ്രിൽ 13ന് പാലായിലേക്ക് അനധികൃതമായി യാത്ര തിരിച്ചു. രാജ്യ വ്യാപക ലോക്ക് ഡൗൺ ലംഘിച്ചായിരുന്നു യാത്ര.
ഇവരെയും ഭർത്താവിനെയും കൊണ്ടുവന്നത് ദില്ലി പൊലീസിലെ ഉദ്യോഗസ്ഥനാണെന്നാണ് വിവരം. 3500 കിലോമീറ്ററോളമാണ് ഇവർ ലോക്ക് ഡൗൺ ലംഘിച്ച്. യാത്ര ചെയ്തത്. ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്ന് പോയിട്ടും ഒരിടത്തും ആരും ഇവരെ തടഞ്ഞില്ലെന്നതാണ് വിചിത്രം. പരിശോധന കുറയുമെന്ന് കരുതി ഇടുക്കി കമ്പംമേട്ട് അതിർത്തിയിലൂടെ കടക്കാനായിരുന്നു ഇവരുടെ ശ്രമം. ഏപ്രിൽ 16ന് കേരള അതിർത്തിയിൽ വച്ച് പൊലീസ് തടഞ്ഞ് നിരീക്ഷണത്തിലാക്കി. കാർ ഓടിച്ച് വന്ന ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ എന്നാൽ നിരീക്ഷണത്തിന് തയ്യാറായില്ല. ഇയാൾ അന്ന് തന്നെ ദില്ലിയിലേക്ക് തിരിച്ച് പോയി.
ഇവർ ഒരു ദിവസം കമ്പംമേട്ട് പൊലീസ് സ്റ്റേഷനിൽ ഇരുന്നു. കൊവിഡ് നിരീക്ഷണത്തിലേക്ക് മാറ്റിയത് ഏപ്രിൽ 16ന് വൈകീട്ട് മാത്രമാണ്. നിരവധി പൊലീസുകാരും ആരോഗ്യപ്രവർത്തകരുമായും ഇവർ ഈ സമയത്ത് അടുത്തിടപഴകി. ഇവരെല്ലാം നിരീക്ഷണത്തിലേക്ക് മാറേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. പ്രായം കൂടിയ കൊവിഡ് രോഗിയായതിനാലാണ് നടപടി. സ്രവപരിശോധനയിൽ 71കാരനായ ഭർത്താവിന്‍റെ ഫലം നെഗറ്റീവാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam