"വിദ്യാര്‍ത്ഥികൾ വലയും"; പരീക്ഷാ കാലത്ത് സര്‍ക്കാര്‍ പരീക്ഷണത്തിന് മുതിരരുതെന്ന് ചെന്നിത്തല

By Web TeamFirst Published Mar 19, 2020, 7:58 PM IST
Highlights

വിവിധ ജില്ലകളില്‍നിന്നും നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു ജില്ലകളില്‍പോയി പരീക്ഷ എഴുതേണ്ടതുണ്ട്. അവര്‍ക്ക് സുരക്ഷിതമായ താമസസൗകര്യമോ ഭക്ഷണമോ ലഭിക്കുമെന്ന കാര്യത്തില്‍ ആശങ്ക മാതാപിതാക്കള്‍ക്കുണ്ട്. ചില സംസ്ഥാനങ്ങള്‍ പൊതുഗതാഗതം പോലും നിരോധിച്ചു കഴിഞ്ഞു. 

തിരുവനന്തപുരം: യുജിയും കേന്ദ്ര പരീക്ഷാ ബോര്‍ഡും ആവശ്യപ്പെട്ടിട്ടും യൂണിവേഴ്‌സിറ്റി പരീക്ഷകളടക്കം മാറ്റിവയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരീക്ഷകൾ മാറ്റമില്ലാതെ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കം വലിയൊരു വിഭാഗത്തെയാണ് ആശങ്കയിലാക്കിയിട്ടുള്ളത് . കൊവി‍ഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതു ഗതാഗത സംവിധാനത്തെ പോലും ആശ്രയിക്കാനാകാത്ത അവസ്ഥയാണ് പല സ്ഥലങ്ങളിലും ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പത്താംക്ലാസ് മുതൽ ഹയര്‍ സെക്കന്‍ഡറി, യൂണിവേഴ്‌സിറ്റി തലം വരെ പതിമൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് വിവിധ പരീക്ഷകളില്‍ പങ്കെടുക്കുന്നത്. കൊറോണ വൈറസ് സാമൂഹ്യവ്യാപനം ഉണ്ടാകുമെന്ന ആശങ്ക കാരണമാണ് പരീക്ഷ മാറ്റിവയ്ക്കണമെന്നുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക കോളേജ് ഹോസ്റ്റലിലും അവധി നല്‍കിയിരിക്കുകയാണ്. വിവിധ ജില്ലകളില്‍നിന്നും നിരവധി  കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു ജില്ലകളില്‍പോയി പരീക്ഷ എഴുതേണ്ടതുണ്ട്. അവര്‍ക്ക് സുരക്ഷിതമായ താമസസൗകര്യമോ ഭക്ഷണമോ ലഭിക്കുമെന്ന കാര്യത്തില്‍ ആശങ്ക മാതാപിതാക്കള്‍ക്കുണ്ട്.

ചില സംസ്ഥാനങ്ങള്‍ പൊതുഗതാഗതം പോലും നിരോധിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒരു പരീക്ഷണത്തിന് തയ്യാറാകാതെ അടിയന്തരമായി മാര്‍ച്ച് 31 വരെയെങ്കിലും പരീക്ഷകള്‍ മാറ്റിവയ്ക്കണം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ മാറ്റി വച്ചുകൊണ്ടുള്ള തീരുമാനം സ്വാഗതാര്‍ഹമെന്നും പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തല പറഞ്ഞു.

തുടര്‍ന്ന് വായിക്കാംയുജിസി നിർദേശം തള്ളി സർക്കാർ: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും...
 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!