'എല്ലാവര്‍ക്കും ഒരു മാസം സൗജന്യ ഭക്ഷ്യധാന്യം'; അതിജീവന പാക്കേജുമായി സര്‍ക്കാര്‍

By Web TeamFirst Published Mar 19, 2020, 7:19 PM IST
Highlights

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സാധാരണ ജനജീവിതം ദുസഹമായ പോലെ സാമ്പത്തിക രംഗവും തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ അതിജീവനത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

സാധാരണ ജനജീവിതം ദുസഹമായ പോലെ സാമ്പത്തിക രംഗവും തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും.

കുടുംബങ്ങള്‍ക്കാണ് അത് ലഭ്യമാവുക. ഒപ്പം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടിയുടെ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. 50 ലക്ഷത്തില്‍പരം ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവരാണ്. ബിപിഎല്ലുകാരില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങാത്തവര്‍ക്ക് 1000 രൂപ വീതവും നല്‍കുമെന്നും അതിനായി 100 കോടി രൂപ വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാര്‍ക്കും ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നല്‍കും. അതിനായി നൂറ് കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. ഒപ്പം 20 രൂപക്ക് ഭക്ഷണം നല്‍കാന്‍ ഹോട്ടലുകളും തുടങ്ങും. സെപ്റ്റംബറില്‍ ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ സാഹചര്യത്തില്‍ ഏപ്രിലില്‍ തന്നെ തുറക്കാനാണ് തീരുമാനം. ഹെല്‍ത്ത് പാക്കേജിന്റെ ഭാഗമായി 500 കോടി രൂപ വകയിരുത്തുകയാണ്.

അതിനൊപ്പം വിവിധ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള കുടിശികകള്‍ ഏപ്രിലില്‍ തന്നെ കൊടുത്ത് തീര്‍ക്കും. ഓട്ടോ, ടാക്‌സിക്കാരുടെ നികുതിയില്‍ ആലോചന നടത്തുമെന്നും അവര്‍ക്കുള്ള ഫിറ്റ്‌നെസ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീയറ്ററുകള്‍ക്കുള്ള വിനോദ നികുതിയിലും ഇളവ് നല്‍കും. കൊവിഡ് 19 വ്യാപനം തടയാന്‍ സൈന്യ, അര്‍ദ്ധസൈന്യ വിഭാഗങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവരുമായി ചര്‍ച്ച നടത്തിയതായും പിണറായി വിജയന്‍ അറിയിച്ചു.
 

click me!