'വീട് കാണുമെന്ന് കരുതിയില്ല, തെറ്റുപറ്റി, അറിവില്ലായ്മ', റാന്നി സ്വദേശികൾ ആശുപത്രി വിട്ടു

Published : Mar 30, 2020, 04:37 PM ISTUpdated : Mar 30, 2020, 07:31 PM IST
'വീട് കാണുമെന്ന് കരുതിയില്ല, തെറ്റുപറ്റി, അറിവില്ലായ്മ', റാന്നി സ്വദേശികൾ ആശുപത്രി വിട്ടു

Synopsis

ഇവരോട് നി‍ർബന്ധമായി ഇനി പതിനാല് ദിവസം ക്വാറന്‍റൈനിൽ കഴിയണമെന്ന് നിർബന്ധമായും നിർദേശിച്ചിട്ടുണ്ട്. അതിന് ശേഷം വീണ്ടും സ്വാബ് ടെസ്റ്റുണ്ടാകും. കയ്യടിയോടെയാണ് ഇവരെ തിരികെ വിട്ടത്. കൂടെ സർട്ടിഫിക്കറ്റും. 

പത്തനംതിട്ട: കയ്യടി, മധുരം, ഇന്ന് രാത്രി കഴിക്കാനുള്ള ഭക്ഷണം - കൊവിഡ് രോഗം ബാധിച്ച് ഇറ്റലിയിൽ നിന്ന് എത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ പത്തനംതിട്ടയിലെ ആശുപത്രിയിൽ നിന്ന് തിരികെ പോവുകയാണ്. അസുഖം ഭേദമായി. ഇപ്പോൾ ഒരു പേടിയുമില്ല. കണ്ണ് നിറഞ്ഞ്, സന്തോഷത്തോടെയാണ് ഇവർ ആശുപത്രി വിട്ടത്. കൈ കൂപ്പി ക്യാമറകൾക്ക് മുന്നിൽ ആ കുടുംബം നിന്നു. സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും, ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ലെന്നും കണ്ണ് നിറഞ്ഞ് ഈ കുടുംബത്തിലെ അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ഇറ്റലിയിൽ നിന്ന് തിരികെ വന്ന കുടുംബം ആദ്യം വിമാനത്താവളത്തിൽ പരിശോധന നടത്താൻ തയ്യാറായിരുന്നില്ല. ഇത് തെറ്റിദ്ധാരണയാണെന്നും, ഇത്തരത്തിൽ വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ''അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്. പക്ഷേ, ഞങ്ങൾക്ക് ഇവിടെ കിട്ടിയത് മികച്ച ചികിത്സയാണ്. എല്ലാ ഡോക്ടർമാരും മികച്ച പിന്തുണ തന്നു. അവർ കൗൺസിലിംഗ് തന്നു. മനോധൈര്യം തന്നു. ഇവിടത്തെ ഡോക്ടർമാരോട്, നഴ്സുമാരോട്, പേരറിയാത്ത ആരോഗ്യപ്രവർത്തകരോട് ഒക്കെ നന്ദി. എത്രയോ മികച്ച ചികിത്സയാണ് നമ്മുടെ സർക്കാർ ആശുപത്രികളിലേത്'', റാന്നി സ്വദേശികളുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തേ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഇറ്റലിയിൽ  നിന്ന് തിരികെ എത്തിയ ദമ്പതികളുടെ കോട്ടയത്തുള്ള മകൾക്കും മരുമകനും കൊവിഡ് രോഗം ഭേദമായിരുന്നു. ഇറ്റലിയിൽ നിന്ന് തിരികെയെത്തിയ ശേഷം റാന്നി സ്വദേശികളായ ദമ്പതികളും മകനും മകളെയും മരുമകനെയും കാണാൻ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു. ഇങ്ങനെയാണ് ഇവർ രണ്ട് പേർക്കും വൈറസ് ബാധയുണ്ടായത്.

ആദ്യ സാമ്പിള്‍ പരിശോധനയില്‍തന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. റാന്നി സ്വദേശികളുടെ വൃദ്ധരായ മാതാപിതാക്കൾ ഇപ്പോഴും രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. 

റാന്നിയിലെ വീട്ടിലേക്കാണ് ഇറ്റലിയിൽ നിന്ന് തിരികെ എത്തിയവർ ആദ്യം വന്നത്. വരുമ്പോൾ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫ്ലൈറ്റിൽ അനൌൺസ്മെന്റുണ്ടായിരുന്നെങ്കിലും അവർ അത് അനുസരിച്ചിരുന്നില്ല. പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്നതിലാണ് റിപ്പോർട്ട് ചെയ്യാതിരുന്നത് എന്ന് ഇവർ പിന്നീട് വിശദീകരിച്ചെങ്കിലും പനി ഉൾപ്പടെ വന്നപ്പോഴും സ്വകാര്യ ആശുപത്രിയിലെത്തി മടങ്ങിപ്പോവുക മാത്രമാണ് ചെയ്തത്. തൊട്ടടുത്തുള്ള സർക്കാർ സംവിധാനങ്ങളെയൊന്നും വിവരമറിയിക്കാൻ ഇവർ തയ്യാറായില്ല. ഒടുവിൽ അയൽവാസികളായ കുടുംബത്തിന് പനി വന്നപ്പോഴാണ് ഇവർക്കും അസുഖമുണ്ടെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്. അതുവരെ വിദേശത്ത് നിന്ന് വന്നതാണെന്ന വിവരമടക്കം ഇവർ മറച്ചുവച്ചിരുന്നുവെന്ന് പിന്നീട് ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയുമടക്കം പറഞ്ഞു. വിവരമറിഞ്ഞ് വീട്ടിലെത്തിയ ആരോഗ്യപ്രവർത്തരോടൊപ്പം ആംബുലൻസിൽ ആശുപത്രിയിലേക്ക് വരാൻ ഇവർ തയ്യാറായില്ല. പിന്നീട് സ്വന്തം വാഹനത്തിൽ വരാമെന്നും സർക്കാരാശുപത്രിയിലേക്ക് വരാൻ ബുദ്ധിമുട്ടാണെന്നുമാണ് ഇവർ പറഞ്ഞതും. ഒടുവിൽ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കാൻ ഇവരോട് സ്വന്തം വാഹനത്തിൽ വരാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. ഇവർ വിവരം അറിയിക്കാതിരുന്നതിനാൽ മൂന്ന് ജില്ലകളാണ് പൊടുന്നനെ ജാഗ്രതയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായത്. 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക