കൊവിഡ് 19: പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം, പ്രതിപക്ഷം സീറ്റിലില്ല

By Web TeamFirst Published Mar 12, 2020, 11:07 AM IST
Highlights

 രോഗം പടർന്ന സ്ഥലങ്ങളിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഈ സമയത്ത് മാര്‍ക്ക് ദാന വിവാദത്തിൽ പ്രതിഷേധത്തിലായിരുന്നു പ്രതിപക്ഷം 

തിരുവനന്തപുരം: കൊവിഡ്  19 വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം.  രോഗം പടർന്ന സ്ഥലങ്ങളിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വിദേശത്തുള്ളവരെ നാട്ടിലെത്തുന്നതിന് വിലക്കുന്ന സർക്കുലർ പിൻവലിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. നയതന്ത്രതലത്തിൽ കേന്ദ്രം ഇടപെടണമെന്നും കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് വായിക്കാം: ഇറ്റലിയിൽ മടങ്ങാൻ കാത്ത് ഇനിയും മലയാളികൾ: ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു...

പ്രവാസി ഇന്ത്യക്കാരെ സംബന്ധിക്കുന്ന കേന്ദ്രത്തിന്‍റെ പല ഉത്തരവുകളും വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 രോഗബാധയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തുമ്പോഴും പ്രമേയം അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു.

മാര്‍ക്ക് ദാന വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകിയില്ലെന്ന് ആക്ഷേപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ ബഹളം വച്ചത്. ആദ്യം നടുത്തളത്തിലിറങ്ങി ബഹളം വച്ച പ്രതിപക്ഷ അംഗങ്ങൾ പിന്നീട് നിയമസഭ ബഹിഷ്കരിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണ് നിയമസഭ കൊവിഡ് 19 ൽ കേന്ദ്രനടപടി ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയത്. 

കൊവിഡിനെ ചൊല്ലി ഇന്നും നിയമസഭയിൽ വലിയ രാഷ്ട്രീയപോരാണ് നടക്കുന്നത്. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കുന്ന കാര്യം പരിഗണനിയിൽ ഉണ്ടെന്നും കാര്യോപദേശക സമിതി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നിയമസഭ നടപടികൾ വെട്ടിച്ചുരുക്കുന്നതിനോട് പ്രതിപക്ഷത്തിന് വിയോജിപ്പാണ് ഉള്ളത്. അനാവശ്യ ഭയം ജനങ്ങളിൽ ഉണ്ടാക്കാനേ ഇത് ഉപകരിക്കു എന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. 

ആരോഗ്യമന്ത്രിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ദിവസം മൂന്ന് തവണയൊക്കെയാണ് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും ഇമേജ് ബിൽഡിംഗിനാണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി . 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!