കൊവിഡ്: കേരളത്തിന് 'നിയന്ത്രണമേർപ്പെടുത്തി' കൂടുതൽ സംസ്ഥാനങ്ങൾ, ആർടിപിസിആർ നിർബന്ധം

By Web TeamFirst Published Feb 25, 2021, 12:05 PM IST
Highlights

കർണാടകയ്ക്കും തമിഴ്നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കടുപ്പിച്ചത്.

ദില്ലി: കൂടുതൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. അയൽ സംസ്ഥാനങ്ങളായ കർണാടകയ്ക്കും തമിഴ്നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, മണിപ്പൂർ, ഉത്തരാഖണ്ധ്. ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കടുപ്പിച്ചത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കേരളത്തിൽനിന്നുളളവർക്ക് പ്രവേശനം നൽകൂവെന്ന് ആദ്യം പ്രഖ്യാപിച്ചത് മഹാരാഷ്ട്രയാണ്. പിന്നാലെ കർണാടകയും മണിപ്പൂരും ഉത്തരാഖണ്ടും ഒഡീഷയും പശ്ചിമ ബംഗാളും മലയാളികൾക്ക് ആർടിപിസിആർ നിർബന്ധമാക്കി. 

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനം കേരളം. പ്രതിദിന കേസുകളുടെ എണ്ണത്തിലും കേരളം ഒന്നാമതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയുടെ മൂന്നുരട്ടിയാണ്. രാജ്യത്തെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് കേരളത്തിലെ കൊവിഡ് സാഹചര്യം മാറിയതോടെയാണ് വിവിധ സംസ്ഥാനങ്ങൾ മലയാളികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസം നിർബന്ധിത ക്വാറന്റീൻ വേണമെന്നും നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നുമാണ് തമിഴ്സാട് സർക്കാരിന്റെ നിർദ്ദേശം. അതിർത്തികളിൽ പരിശോധന കർശനമാക്കി. തെർമൽ പരിശോധനയും ഏർപ്പെടുത്തി. എന്നാൽ ആർടിപിസിആർ പരിശോധന തമിഴ്നാട് നിർബന്ധമാക്കിയിട്ടില്ല. 

കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ, നിയന്ത്രണം കടുപ്പിച്ച് തമിഴ്നാടും

നേരത്തെ കർണാടകയും സമാനമായ രീതിയിൽ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. കേരളത്തില്‍നിന്ന് കർണാടകത്തിലേക്ക് വരുന്ന എല്ലാവരും ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദേശം. ഇക്കാര്യത്തിൽ കർണാടക സർക്കാരിനോട് കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടി. ഹൈക്കോടതി ഇടപെടലിനെ തുടർന്ന്  നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇളവുകൾ വ്യക്തമാക്കിയുള്ള പുതിയ സർക്കുലർ ഇതുവരെ ഇറങ്ങിയിട്ടില്ല.

click me!