വയനാട്ടിൽ റിവേഴ്‌സ് ക്വാറന്റൈൻ സംവിധാനവുമായി ആരോഗ്യ വകുപ്പ്

By Web TeamFirst Published May 12, 2020, 9:12 AM IST
Highlights

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകൾ സ്വീകരിക്കുകയാണ് ജില്ലാ ആരോഗ്യ വകുപ്പ്. 

വയനാട്: വയനാട്ടിൽ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ്. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം തുടങ്ങുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് കൊണ്ട് വയോജനങ്ങളില്‍ നിന്ന് കൊവിഡ് 19 വൈറസിനെ തടയുന്നതിനായാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സജ്ജമാക്കുന്നത്.  

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകൾ സ്വീകരിക്കുകയാണ് ജില്ലാ ആരോഗ്യ വകുപ്പ്. 60 വയസിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍, അനിയന്ത്രിതമായ പ്രമേഹ രോഗമുളളവര്‍, അനിയന്ത്രിതമായ രക്താതിസമ്മര്‍ദ്ദമുളളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞ എല്ലാ പ്രായത്തിലുമുളളവര്‍, രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്ന എല്ലാ പ്രായത്തിലും ഉള്ളവര്‍, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുളള എല്ലാ പ്രായത്തിലുമുളളവര്‍ തുടങ്ങിയവര്‍ക്കാണ് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കുന്നത്.

ഒരുസമയത്ത് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് വയനാട്ടിലാണ്. ചെന്നൈയില്‍ വന്‍തോതില്‍ രോഗവ്യാപനമുണ്ടായ കോയമ്പേട് മാർക്കറ്റില്‍ പോയി വന്നവരും, അതില്‍ ഒരാളുമായി സമ്പർക്കത്തിലായവരുമടക്കം എട്ടുപേർക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.

Also Read: പൂജ്യത്തില്‍ നിന്ന് എട്ടിലേക്ക്; വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു

click me!