ദില്ലിയിൽ കുടുങ്ങിയവർക്കായുള്ള സ്പെഷ്യൽ ട്രെയിൻ മെയ് 20-ന്, ബുക്കിംഗ് ഇങ്ങനെ

By Web TeamFirst Published May 16, 2020, 9:35 PM IST
Highlights

വിദ്യാർഥികൾക്കും ഡൽഹിയിൽ കുടുങ്ങിയവർക്കുമായുള്ള പ്രത്യേക ട്രെയിൻ ആണ് ഇതെന്ന് കേരളാ ഹൗസ് അധികൃതർ അറിയിച്ചു. ട്രെയിനിനുള്ള ബുക്കിംഗ് ഇങ്ങനെയാണ് നടത്തേണ്ടത്...

ദില്ലി: ലോക്ക്ഡൗൺ പ്രതിസന്ധി മൂലം ദില്ലിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അടക്കമുള്ള മലയാളികൾക്ക് കേരളത്തിലേക്ക് തിരികെ വരാനുള്ള പ്രത്യേക ട്രെയിൻ അടുത്ത ബുധനാഴ്ച (മെയ് 20) പുറപ്പെടും. ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രാ തീവണ്ടികൾക്ക് പുറമേയുള്ള പ്രത്യേക ട്രെയിനാണ് ഇത്. ദില്ലിയിൽ ക്വാറന്‍റൈൻ സെന്‍ററുകളാക്കുന്നതിനാൽ ഹോസ്റ്റലുകൾ ഒഴിയാൻ പല കോളേജുകളും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഗർഭിണികളായ നഴ്സുമാരടക്കം പലയിടത്തും കുടുങ്ങിക്കിടക്കുന്നുമുണ്ടായിരുന്നു. ഇവർക്കെല്ലാമുള്ള തീവണ്ടിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

മെയ് 20-ന് പുറപ്പെടുന്ന തീവണ്ടിയുടെ സമയക്രമം ഇതുവരെ അറിയിച്ചിട്ടില്ല. പക്ഷേ ഇതിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് കേരളാ ഹൗസിൽ വിവരമറിയിക്കണം: അതിന്‍റെ നടപടിക്രമം ഇങ്ങനെയാണ്:

നാട്ടിലേക്ക് വരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ദില്ലിയിലുള്ള വ്യക്തികൾക്കാണ് അവസരമുണ്ടാകുക.  < Norka ID > < Name> എന്നീ വിവരങ്ങൾ  (17.05.2020) രാവിലെ 10 മണിക്ക് മുമ്പായി 8800748647 എന്ന നമ്പരിൽ എസ് എം എസ്  ചെയ്യണമെന്ന് കേരള ഹൗസ് റസിഡന്‍റ് കമ്മീഷണർ അറിയിച്ചു. ഇതിനകം മെസേജ് അയച്ചിട്ടുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മെസേജ് അയയ്ക്കേണ്ടതില്ല.

ദില്ലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ എത്തിക്കാനുള്ള ട്രെയിനിന് കേരളം നേരത്തേ എൻഒസി നൽകിയിരുന്നു. ടിക്കറ്റ് തുക യാത്രക്കാര്‍ വഹിക്കണം. യാത്രക്കാരുടെ പേരുവിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് നോഡല്‍ ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. യാത്രക്കാരെ സ്റ്റേഷനില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്നും കേരളം ദില്ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

click me!