48 മണിക്കൂറില്‍ 53 പുതിയ രോഗികള്‍, ഇന്നത്തെ 32 ല്‍ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, റാപ്പിഡ് ടെസ്റ്റ് ഉടൻ

By Web TeamFirst Published Mar 30, 2020, 7:17 PM IST
Highlights

ഇന്ന് മാത്രം 15 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസർക്കാർ ഇന്ത്യയിൽ സമൂഹവ്യാപനം ഇല്ലെന്ന് ഉറപ്പിച്ച് പറയുമ്പോൾ, റാപ്പിഡ് ടെസ്റ്റ് കൊണ്ടുവന്ന് അത് ഉറപ്പ് വരുത്താൻ ശ്രമിക്കുകയാണ് കേരളം. 

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച രോഗം പുതുതായി സ്ഥിരീകരിച്ച 32 പേരിൽ 15 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 17 പേർ വിദേശത്ത് നിന്ന് തിരികെ വന്നവരാണ്. ഇതിൽ കാസർകോട്ട് തന്നെയാണ് ഏറ്റവും കൂടുതൽ പേർക്ക് ഇന്നും രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 17 പേർക്കാണ് കാസർകോട്ട് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും ഇന്നും സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആണ് എന്നതാണ് ശ്രദ്ധേയം. കാസർകോട് ജില്ലയിൽ രോഗബാധിതരുടെ എണ്ണം നൂറ് കടക്കുകയും ചെയ്തു. 

കാസർകോട്ട് സമൂഹവ്യാപനം ഇല്ലെന്ന് തന്നെയാണ് ഇപ്പോഴുമുള്ള വിലയിരുത്തൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിലവിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയിട്ടുണ്ട്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ അടിയന്തരമായി സംസ്ഥാനത്ത് സാമൂഹ്യവ്യാപനമുണ്ടോ എന്ന് കണ്ടെത്തണ്ടതുണ്ടെന്ന് സംസ്ഥാനസർക്കാർ തന്നെ വിലയിരുത്തുന്നു. 

കേരളമാണ് ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പിളുകൾ പ്രതിദിനം ടെസ്റ്റ് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന്. മറ്റൊന്ന് മഹാരാഷ്ട്രയാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തുക തന്നെയാണ് രോഗം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നത് പരിശോധിക്കാനും സാമൂഹ്യവ്യാപനം ഉണ്ടോ എന്ന് വ്യക്തമായി മനസ്സിലാക്കാനും നല്ലത്. ഇതിനായാണ് എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റിംഗ് സംവിധാനം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. 

ഏറ്റവും കൂടുതൽ രോഗം ഇന്ന് രണ്ടാമത് സ്ഥിരീകരിച്ചത് കണ്ണൂരാണ്. 11 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് പേർ വീതമാണ് രോഗബാധിതരായിട്ടുള്ളത്. 

6991 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതിൽ 6031 എണ്ണം നെഗറ്റീവാണ്. പരിശോധന കൂടുതൽ വേഗത്തിലാക്കാനുള്ള റാപ്പിഡ് ടെസ്റ്റ് എത്രയും പെട്ടെന്ന് കൊണ്ടുവരാനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് സ്ഥിരീകരിക്കാൻ കണക്കുകൾ വഴി തന്നെ ശ്രമിക്കുകയാണ് സംസ്ഥാനം.

കേന്ദ്രസർക്കാ‍ർ ഇപ്പോഴും രാജ്യത്ത് സമൂഹവ്യാപനം ഇല്ലെന്ന നിലപാടിൽത്തന്നെ ഉറച്ചു നിൽക്കുകയാണ്. ഇന്ത്യയുടെ നില ഇപ്പോഴും മെച്ചമാണ്. ഇന്ത്യയേക്കാൾ രോഗബാധിതരുള്ള 40 രാജ്യങ്ങൾ ഉണ്ട് ലോകത്ത്. അതിനാൽ നിലവിൽ സ്ഥിതി അതീവജാഗ്രതയോടെ വിലയിരുത്തേണ്ട സമയമാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രതികരിച്ചത്. 

അതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലടക്കം കൂടുതൽ ടെസ്റ്റിംഗ് സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസം മൂവായിരം സാമ്പിളുകൾ പരിശോധിക്കാൻ അനുമതി കിട്ടിയത് നേട്ടമായി. ഒപ്പം ഏറ്റവും കൂടുതൽ രോഗബാധിതരുള്ള കാസർകോട്ട് കേന്ദ്രസർവകലാശാലയിൽ പരിശോധനാ കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. 

Read more at: 
 

click me!