ബെവ്കോ പൂട്ടില്ല, വിവാഹച്ചടങ്ങുകള്‍ക്ക് നൂറില്‍ കൂടുതല്‍ പേര്‍ പാടില്ലെന്നും മുഖ്യമന്ത്രി

By Web TeamFirst Published Mar 16, 2020, 8:45 PM IST
Highlights

നേരത്തെ വൈറസ് ബാധിച്ചെന്ന സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരില്‍ പലരും വിവാഹമടക്കമുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവാഹച്ചടങ്ങുകള്‍ക്ക് നൂറ് പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിര്‍ദ്ദേശം. നേരത്തെ വൈറസ് ബാധിച്ചെന്ന സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരില്‍ പലരും വിവാഹമടക്കമുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതേ സമയം സംസ്ഥാനത്ത് കൊവിഡിന്‍റെ പശ്ചാത്തലത്തില്‍  ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍ അടച്ചിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടിയാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കും ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയി. 12,740 ആളുകള്‍ ഇപ്പോള്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഇതില്‍ 270 പേര്‍ ആശുപത്രിയിലാണുള്ളത്. ഇന്നു മാത്രം 72 പേരെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി.  2297 സാംപിളുകള്‍ പരിശോധനയ്കക്ക് അയച്ചതില്‍ 1693 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 

click me!