മെയ് 2-ന് ലോക്ക്ഡൗൺ വേണം, വാക്സീന് ന്യായവില വേണം, ഹർജികൾ ഹൈക്കോടതിയിൽ

By Web TeamFirst Published Apr 27, 2021, 6:35 AM IST
Highlights

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സീന്‍ നല്‍കില്ലെന്ന കേന്ദ്ര നിലപാട് വിവേചനപരമാണ്. വാക്സീനുകളുടെ വില നിയന്ത്രിക്കാന്‍ നടപടി വേണം എന്നതാണ് ഒരു ഹർജി. വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് സംസ്ഥാനത്ത് ലോക് ഡൗൺ വേണമെന്നതാണ് മറ്റൊരു ഹർജി. 

കൊച്ചി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ നിരവധി ആളുകൾ ഒത്തുകൂടുമെന്നും ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നാണ് സ്വകാര്യ ഹർജികളിൽ പറയുന്നത്. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകില്ലെങ്കിലും അതിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ നിലപാട്. സർവ്വകക്ഷി യോഗത്തിലെ തീരുമാനം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ളാദ പ്രകടനങ്ങൾ വേണ്ടെന്ന് കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു.

കൊവിഡ് വാക്സീൻ വിതരണ നയത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരേ വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയിൽ പറയുന്നു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സീന്‍ നല്‍കില്ലെന്ന കേന്ദ്ര നിലപാട് വിവേചനപരമാണ്. വാക്സീനുകളുടെ വില നിയന്ത്രിക്കാന്‍ നടപടി വേണം. കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന വിലയ്ക്ക് തന്നെ സംസ്ഥാനങ്ങള്‍ക്കും വാക്സീന്‍ ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ വാക്സീന്‍ നിര്‍മാണക്കമ്പനികള്‍ക്ക് വില നിര്‍ണയാവകാശം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പാലക്കാട്ടെ പൊതുപ്രവർത്തകനായ സിപി പ്രമോദാണ് ഹർജി നൽകിയത്.

click me!