കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്

കോഴിക്കോട്: യുവതിയോടൊപ്പം ഒരുമിച്ച് മരിക്കാനാണ് പദ്ധതിയിട്ടതെന്ന് കോഴിക്കോട് മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ പ്രതി വൈശാഖൻ. നടന്ന സംഭവങ്ങളിൽ കുറ്റബോധമുണ്ടെന്നും വൈശാഖൻ പറഞ്ഞു. കൊലപാതകം നടന്ന വൈശാഖന്‍റെസ്ഥാപനത്തിലും ജ്യൂസ് വാങ്ങിയ കടയിലും പൊലീസ് പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തി. ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞുവിളിച്ചുവരുത്തി 26കാരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഇന്നലെയാണ് പ്രതി വൈശാഖനെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പ്.

യുവതിയെ കൊലപ്പെടുത്തിയ വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലും ഉറക്കുഗുളിക കലർത്തി നൽകാൻ ജ്യൂസ് വാങ്ങിയ ബേക്കറിയിലും പൊലീസ് തെളിവെടുപ്പ് നടത്തി. ഒരുമിച്ച് മരിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും സംഭവങ്ങളിൽ കുറ്റബോധമുണ്ടെന്നും തെളിവെടുപ്പിനിടെ വൈശാഖൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം ഭാര്യയോട് വിവരങ്ങൾ തുറന്നുപറഞ്ഞതായും പ്രതി മൊഴി നൽകി.

കഴിഞ്ഞ ശനിയാഴ്ചയാണ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയണ് പ്രതി 26കാരിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കുഗുളിക ചേർത്ത ശീതളപാനീയം യുവതിക്ക് നൽകി. തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകൾ തയ്യാറാക്കുകയും, യുവതി കഴുത്തിൽ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂൾ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. കൊലപാതകം നടന്ന ഐഡിയൽ ഇൻഡസ്ട്രീസിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവ്.

YouTube video player