വാക്സിൻ വിതരണത്തിൽ കേരളത്തിന് മുൻഗണന വേണം, എല്ലാം തയ്യാർ: ആരോഗ്യമന്ത്രി

By Web TeamFirst Published Jan 2, 2021, 9:53 AM IST
Highlights

സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍റെ ഡ്രൈറൺ നാല് ജില്ലകളിലെ ആറ് ആശുപത്രികളിലായി പുരോഗമിക്കുകയാണ്. എല്ലാം വിജയിച്ചാൽ രണ്ട് മൂന്ന് ദിവസങ്ങൾക്കകം തന്നെ വാക്സിൻ എത്തുമെന്ന തരത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്- എന്ന് ആരോഗ്യമന്ത്രി.

തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തിന് മുൻഗണന ആവശ്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗവ്യാപനത്തിന്‍റെ അതിതീവ്രഘട്ടം എത്തുന്നത് പരമാവധി വൈകിച്ച സംസ്ഥാനമാണ് കേരളം. വളരെ നിയന്ത്രിതമായ രീതിയിലാണ് ആദ്യം ഇവിടെ രോഗം പടർന്നത്. എന്നാൽ പല സംസ്ഥാനങ്ങളിലും വളരെപ്പെട്ടെന്ന് ഒരുപാട് പേരിലേക്ക് രോഗമെത്തുന്ന സ്ഥിതിയുണ്ടായി. രോഗവ്യാപനം തടഞ്ഞുനിർത്താൻ കഴിഞ്ഞ സംസ്ഥാനമെന്ന നിലയിൽ ആദ്യഘട്ടത്തിൽ വാക്സിൻ കേരളത്തിൽ വിപുലമായി എത്തിച്ച് വിതരണം ചെയ്യുന്നത് രോഗവ്യാപനം തടയുന്നതിൽ വളരെ ഫലപ്രദമായി മാറുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കേരളത്തിൽ തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വാക്സിൻ എത്തും എന്ന തരത്തിൽ വേഗത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ഓക്സ്ഫഡും ആസ്ട്രാസെനക എന്ന മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ച, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡ് വാക്സിൻ സുരക്ഷിതമാണെന്ന് വ്യക്തമായതാണ്. എല്ലാ തയ്യാറെടുപ്പുകളും കേരളം പൂർത്തിയാക്കിക്കഴിഞ്ഞു. 

ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ മുൻഗണനാപ്പട്ടികയിൽ ഉള്ളത് വൃദ്ധരാണ്. കേരളത്തിലെ വൃദ്ധരിൽ ഒരു വലിയ വിഭാഗത്തെ മുഴുവൻ വാക്സിനേറ്റ് ചെയ്യാൻ ഏതാണ്ട് 50 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ വേണ്ടി വരും. എന്നാൽ അത്തരത്തിൽ വാക്സിനേറ്റ് ചെയ്താൽ മരണനിരക്ക് അടക്കം വളരെ മികച്ച രീതിയിൽ കുറയ്ക്കാനും കഴിയും. അതിനാൽ കേരളത്തിന് മുൻഗണനാടിസ്ഥാനത്തിൽത്തന്നെ വാക്സിൻ ലഭിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

വാക്സിൻ സൂക്ഷിക്കാൻ ശീതീകരണസംവിധാനങ്ങളടക്കം കേരളം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഘട്ടത്തിൽ കൂടുതൽ ശീതീകരണസംവിധാനങ്ങൾ സംസ്ഥാനത്തിന് വേണ്ടി വരും. അതിനായി കൂടുതൽ സഹായം വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍റെ ഡ്രൈറൺ നാല് ജില്ലകളിലെ ആറ് ആശുപത്രികളിലായി പുരോഗമിക്കുകയാണ്. തിരുവനന്തപുരം പേരൂർക്കട മാതൃക ആശുപത്രിയിലെ വാക്സിൻ ഡ്രൈറൺ ആരോഗ്യമന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി. ജില്ലാ കളക്ടർ നവജ്യോത് ഖോസയും മുതിർന്ന ആരോഗ്യവകുപ്പധികൃതരും ഒപ്പമുണ്ടായിരുന്നു. 

click me!