കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ വ്യാജരേഖ ചമച്ച് മറ്റൊരാളുടെ റേഷൻ കാർഡിൽ പേര് ചേർത്തുവെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് സിപിഐയുടെ ഗൂഢാലോചനയാണെന്നും, താൻ കോൺഗ്രസിൽ ചേർന്നതിലുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും ശ്രീനാദേവി ആരോപിക്കുന്നു.
പത്തനംതിട്ട : കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കെതിരായ പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടി. അടൂർ പൊലീസ് റേഷനിങ്ങ് ഇൻസ്പെക്ടറോടാണ് വിവരം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുക. വ്യാജരേഖ നൽകി മറ്റൊരാളുടെ റേഷൻ കാർഡിൽ പേരു ചേർത്തുവെന്നാണ് പരാതി.
എന്നാൽ വ്യാജ രേഖ ചമച്ചുവെന്നത് തന്നെ ശരിയല്ലെന്നും സിപിഐ അംഗമായി ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചപ്പോൾ ഇതേ അഡ്രസ്സിലായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്നത് സിപിഐയുടെ ഗൂഢാലോചനയാണ്. കോൺഗ്രസിൽ ചേർന്ന് സിപിഐയെ തോൽപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ശ്രമിക്കുന്നത്. അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി എപി ജയനാണ് മത്സരിക്കാനായി ഇതേ അഡ്രസ്സിൽ റേഷൻ കാർഡിൽ പേര് ചേർത്തതെന്നും അവർ ചൂണ്ടിക്കാട്ടി. സ്കൂൾ കാലം മുതൽ പത്തനംതിട്ട ജില്ലയിലാണ് താമസിക്കുന്നത്. പരാതി നൽകിയവർ ബന്ധുക്കളാണ്. അവരുടെ സഹോദരി തന്റെ ഒപ്പമുണ്ട്. അവർ വസ്തുവിൽ അവകാശം എഴുതി തന്നു. പരാതിയുമായി പോയ സഹോദരങ്ങൾ ഇപ്പോൾ സിപിഐയുടെ കൈയിലെ ചട്ടുകങ്ങളാണ്. റേഷൻ കാർഡ് റദ്ദാക്കിയ സപ്ലൈ ഓഫീസർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത് അനധികൃതമായിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട ജില്ലാ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി ലഭിച്ചക്. സിപിഐ നേതാവ് ടി മുരുകേഷ് ആണ് പരാതിക്കാരൻ. റേഷൻ കാർഡിൽ പേര് ഉണ്ടെന്ന് പറഞ്ഞായിരുന്നു ശ്രീനാദേവി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത്. കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ട ജില്ലയിൽ സ്ഥിരം വിലാസം ഇല്ല. റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന പരാതിക്ക് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വക്കീൽ നോട്ടീസ് നല്‍കിയത്.
കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു.


