ബസ് ചാർജ് കുത്തനെ കൂട്ടി; വർധന കൊവിഡ് കാലത്തേക്ക് മാത്രം

By Web TeamFirst Published May 18, 2020, 6:09 PM IST
Highlights

കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്കാരമാണിത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി. മിനിമം യാത്രാനിരക്ക് അൻപത് ശതമാനം വർധിപ്പിക്കും. മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 12 രൂപയാകും. ബസ് ചാർജ് കിലോമീറ്ററിന് 70 പൈസ ആയിരുന്നത് 1 രൂപ 10 പൈസയാക്കി കൂടും. കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റേജ് ​ഗ്യാരേജുകളുടെ വാഹനനികുതി പൂ‍ർണമായും ഈ ഘട്ടത്തിൽ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസിൽ യാത്ര ചെയ്യുമ്പോൾ പകുതി സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. നിലവിലെ നിയന്ത്രണങ്ങളിൽ സർവ്വീസ് നടത്തുന്നത് ബസ് വ്യവസായങ്ങൾക്ക് നഷ്ടം വരുത്തും. അതിനാലാണ് ഈ താത്കാലിക ക്രമീകരണം എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വർധിപ്പിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, യാത്രകൾക്ക് ഇളവുള്ളവർ പുതുക്കിയ യാത്രാനിരക്കിൻ്റെ അൻപത് ശതമാനം നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

click me!