മലപ്പുറത്ത് വന്നേരി സ്കൂളിലും കൊവിഡ് വ്യാപനം; 33 അധ്യാപകർക്കും 43 വിദ്യാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published Feb 7, 2021, 10:30 PM IST
Highlights

സ്കൂളില്‍ പരിശോധിച്ച 53 വിദ്യാർത്ഥികളിൽ 43 പേർക്കും, 33 അധ്യാപകരിൽ 33 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അധ്യാപകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.

മലപ്പുറം: മലപ്പുറം പെരുമ്പടപ്പ് വന്നേരി സ്കൂളിലും കൊവിഡ് വ്യാപനം. 33 അധ്യാപകർക്കും 43 വിദ്യാർത്ഥികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളില്‍ പരിശോധിച്ച 53 വിദ്യാർത്ഥികളിൽ 43 പേർക്കും, 33 അധ്യാപകരിൽ 33 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അധ്യാപകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. 

നേരത്തെ, മലപ്പുറം പൊന്നാനി മാറാഞ്ചേരി സർക്കാർ സ്‌കൂളിലെ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഒരു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചതോടെ മാറാഞ്ചേരി സ്‌കൂളിലെ പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും അധ്യാപരും കൊവിഡ് പരിശോധന നടത്തുകയായിരുന്നു. 684 പേരെ പരിശോധിച്ചതോടെ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു. എന്നാൽ, ആർക്കും രോഗ ലക്ഷണങ്ങളില്ല. ഇതേ സ്‌കൂളിലെ ഹയർ സെക്കന്‍ററി വിദ്യാർഥികളെക്കൂടി കൊവിഡ് പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. എല്ലാവരോടും ക്വാറന്‍റൈനില്‍ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി  ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3867 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 812, മലപ്പുറം 645, കോഴിക്കോട് 653, കോട്ടയം 594, പത്തനംതിട്ട 521, എറണാകുളം 524, തിരുവനന്തപുരം 358, തൃശൂര്‍ 408, ആലപ്പുഴ 350, കണ്ണൂര്‍ 187, വയനാട് 198, ഇടുക്കി 198, പാലക്കാട് 83, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

click me!