സംസ്ഥാനത്ത് ആറ് ദിവസം കൊണ്ട് 10,523 രോഗികള്‍, 53 മരണം; അതിവേഗം പടര്‍ന്ന് കൊവിഡ്

By Web TeamFirst Published Aug 20, 2020, 6:13 AM IST
Highlights

രോഗികളുടെ എണ്ണത്തിൽ സെപ്റ്റംബറോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കുത്തനെയുള്ള വർധനവ് നേരത്തേയാകുമെന്ന ആശങ്ക ജനിപ്പിക്കുകയാണ് കണക്കുകൾ. 

തിരുവനന്തപുരം: കൊവിഡിന്‍റെ അതിവേഗത്തിലുള്ള കുതിപ്പാണ് വരും ദിവസങ്ങളിലുണ്ടാവുകയെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ. വെറും 6 ദിവസം കൊണ്ട് 10,523 രോഗികളും 53 മരണവുമാണ് കേരളത്തിലുണ്ടായത്. മരണങ്ങളുടെ 58 ശതമാനവും പുതിയ കാൽലക്ഷത്തിലധികം രോഗികളും സംസ്ഥാനത്തുണ്ടായത് ഈ മാസത്തിലാണ്. അടിയന്തിരഘട്ടം മറികടക്കാൻ കൂടുതൽ ഡോക്ടർമാർക്ക് സർക്കാർ ഐസിയു പരിശീലനം നൽകും. 

രോഗികളുടെ എണ്ണത്തിൽ സെപ്റ്റംബറോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കുത്തനെയുള്ള വർധനവ് നേരത്തേയാകുമെന്ന ആശങ്ക ജനിപ്പിക്കുകയാണ് കണക്കുകൾ. പ്രതിരോധം പൊലീസിനെ ഏൽപ്പിച്ച ആഴ്ച്ചകളിലും വ്യാപനം പിടികൊടുക്കുന്നില്ല. ആഗസ്ത് 14 മുതൽ 19 വരെ 6 ദിവസങ്ങൾക്കുള്ളിൽ 10523 പുതിയ രോഗികളാണുണ്ടായത്. മരണസംഖ്യയും പൊടുന്നനെ കൂടി. ആറ് ദിവസത്തിനിടെ 53 മരണം. 8 മരണങ്ങളെ ഔദ്യോഗികമായി ഒഴിവാക്കിയെങ്കിൽ ഫലം കാക്കുന്നവയും ഇതുവരെ പട്ടികയിൽ പെടാത്തവയും വേറെയുണ്ട്. 

മൊത്തം 182 മരണങ്ങളിൽ 106ഉം ആഗസ്ത് മാസത്തിലെ 19 ദിവസത്തിനുള്ളിൽ. അതായത് 58 ശതമാനം മരണവും ഈ മാസം തന്നെ. ഒഴിവാക്കിയ 60 മരണങ്ങൾ വേറെയുമുണ്ട്. 26,618 പുതിയ രോഗികളുണ്ടായതും ഈ 19 ദിവസങ്ങൾക്കിടെയാണ്. മൊത്തം രോഗികളുടെ എണ്ണം ആഗസ്തിൽ തന്നെ ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ വെന്‍റിലേറ്ററുകളും ഐസിയുകളും നിറയുന്നത് മുന്നിൽ കാണേണ്ട സാഹചര്യമാണുള്ളത്. പരമാവധി മരണങ്ങളൊഴിവാക്കാനാണ് അത്യാഹിത വിഭാഗം ഡോക്ടർമാർക്കും സർക്കാർ ഐസിയു വെന്‍റിലേറ്റര്‍ പരിശീലനം നൽകുന്നത്. 524 പേർക്കാണ് പരിശീലനം നൽകുക. കൊവിഡ് ബ്രിഗേഡും ഉടൻ സജ്ജമാകും. 


 

click me!