പാലക്കാടിനെ വീണ്ടും ആശങ്കയിലാഴ്ത്തി കൂടുതൽ കൊവിഡ് കേസുകൾ

By Web TeamFirst Published Jun 20, 2020, 9:21 PM IST
Highlights

രോഗബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു

പാലക്കാട്: ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. ഒരാഴ്ചയ്ക്ക് ശേഷമാണ് 20ലേറെ പേർക്ക് കൊവിഡ് പാലക്കാട് സ്ഥിരീകരിക്കുന്നത്. സമ്പർക്കം മൂലമുളള രോഗബാധയില്ലെന്നതാണ് നേരിയ ആശ്വാസം . രോഗബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു

ശനിയാഴ്ച പത്ത് പേർക്ക്  രോഗമുക്തിയുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണമാണ് പാലക്കാട്ടെ ആശങ്ക. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്ന് വന്ന 11 പേരുൾപ്പെടെയുണ്ട്. പുതുതായി ആർക്കം സമ്പർക്കം മൂലമുളള രോഗബാധയുമില്ല.  അതേസമയം അതിർത്തി ജില്ലയായ പാലക്കാടിനെ ആശങ്കയിലാഴ്ത്തുന്ന പ്രശ്നങ്ങളിലൊന്ന് തമിഴ്നാട്ടിലെ രോഗബാധയാണ്. 

സാമൂഹ്യവ്യാപന സാധ്യത കണക്കിലെടുത്ത്  കൂടുതൽ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.  രോഗവ്യാപനം പെട്ടെന്ന് കണ്ടെത്തുന്നതിന്റ ഭാഗമായി മൂന്നിടങ്ങളിൽ കൂടി  പരിശോധന കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം വന്നാൽ ആയിരം പേരെ ഉൾക്കൊളളാൻ കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ സജ്ജീകരിച്ച  ചികിത്സാ കേന്ദ്രത്തിൽ സൗകര്യമുണ്ട്.  

പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് കൊവിഡ് ചികിത്സ ഉടൻ പാലക്കാട് മെഡി. കോളേജ്ആശുപത്രിയിലേക്ക് മാറ്റാനാവുമെന്നാണ് പ്രതീക്ഷ. അതേസമയം ഡോക്ടർമാർ ഉൾപ്പെടെയുളള ആരോഗ്യപ്രവർത്തകരുടെ അഭാവമാണ് വെല്ലുവിളി. ആ‍ർ ടി പിസിഅർ  പരിശോധനാ സംവിധാനം പാലക്കാട് മെഡി. കോളേജ് ആശുപത്രിയിൽ തയ്യാറാവുന്നുണ്ടെങ്കിലും മുഴുവൻ ഉപകരണങ്ങൾ ഇനിയും എത്തിയിട്ടില്ല. ഇനി നാന്നൂറിലേറെ പരിശോധ ഫലങ്ങൾ മാത്രമേ കിട്ടാനുളളൂ എന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഫലം വൈകുന്നെന്ന പരാതി സജീവമാണ്.

click me!