'നിപ റാണി' പരാമ‌ർശം: പാർട്ടിയിൽ പിന്തുണയില്ലാതെ മുല്ലപ്പള്ളി, ആയുധമാക്കി ഗ്രൂപ്പുകൾ

By Web TeamFirst Published Jun 20, 2020, 9:02 PM IST
Highlights

കെപിസിസി അധ്യക്ഷസ്ഥാനം  ഏറ്റെടുത്തത് മുതല്‍ പാര്‍ട്ടിക്കകത്ത് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മറുവിഭാഗങ്ങള്‍ കരുനീക്കങ്ങള്‍ നടത്തുകയാണ്. ജംബോ ലിസ്റ്റ്, കെപിസിസി രാഷ്ട്രീയകാര്യസമിതി - വലിയ വിവാദങ്ങളുണ്ടാക്കിയ നിരവധി വിഷയങ്ങൾ. കെപിസിസി പ്രസിഡന്‍റിനെ അനുകൂലിച്ച് കോൺഗ്രസിലെ പ്രമുഖനേതാക്കളിൽ ഒരാൾ പോലും രംഗത്ത് വന്നില്ല.

തിരുവനന്തപുരം: മന്ത്രി കെ കെ ശൈലജക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമര്‍ശം പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് തർക്കത്തിനുള്ള ആയുധമാകുന്നു. പാർട്ടിയ്ക്ക് അകത്തെ മുല്ലപ്പളളി വിരുദ്ധവിഭാഗം തന്നെയാണ് ഇതിന്‍റെ മുന്നിൽ. മുല്ലപ്പള്ളിയുടെ അനവസരത്തിലുള്ള വാക്പ്രയോഗം യുഡിഎഫ് സമരത്തിന്‍റെ ശോഭ കെടുത്തിയെന്നാണ് അവരുടെ പരാതി. കെപിസിസി അധ്യക്ഷന്‍ വലിയ വിമര്‍ശനം നേരിടുമ്പോള്‍ യുഡിഎഫിലെ പ്രമുഖ നേതാക്കളൊന്നും അദ്ദേഹത്തെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നില്ലെന്നത് ശ്രദ്ധേയമാണ്. മുല്ലപ്പള്ളി തന്നെ ഈ പ്രശ്നം നേരിടട്ടെ എന്ന നിലപാടാണ് നേതാക്കൾക്ക്. 

കെപിസിസി അധ്യക്ഷസ്ഥാനം  ഏറ്റെടുത്തത് മുതല്‍ പാര്‍ട്ടിക്കകത്ത് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പാർട്ടിയ്ക്ക് അകത്ത് അതൃപ്തിയുണ്ട്. തര്‍ക്കം മൂലം മാസങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഭാരവാഹികളുടെയും സെക്രട്ടറിമാരുടെയും ലിസ്റ്റ് കെപിസിസി തയ്യാറാക്കിയത്. ഇതിനിടെ, തന്നെ വിമര്‍ശിക്കാനായി മാത്രം രാഷ്ട്രീടകാര്യസമിതി ചേരേണ്ടെന്ന് പറഞ്ഞ് പരസ്യമായി മുല്ലപ്പള്ളി കലഹിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിയുടെ  വിശ്വസ്തനായ തമ്പാനൂര്‍ രവിയെ വെട്ടി സംഘടനാചുമതല കെ പി അനില്‍കുമാറിന് നല്‍കി മുന്നേറുമ്പോഴും മുല്ലപ്പള്ളിയെ വെട്ടാന്‍ തക്കം പാര്‍ത്ത് നടക്കുകയാണ് എ, ഐ ഗ്രൂപ്പുകൾ. അവര്‍ക്ക് കിട്ടിയ എറ്റവും നല്ല ആയുധമാണ് കെ കെ ശൈലജക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശം. എല്‍ഡിഎഫ് ഒന്നാകെ മുല്ലപ്പള്ളിയെ വിമര്‍ശിച്ചിട്ടും രമേശ് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ മറ്റ് പ്രമുഖ നേതാക്കളോ മിണ്ടുന്നില്ല. 

മുല്ലപ്പള്ളിയെ പിന്തുണച്ചത് കെപി അനില്‍കുമാർ, ടി സിദ്ദിഖ്, ശൂരനാട് രാജശേഖരന്‍, പത്മജാ വേണുഗോപാല്‍ എന്നിവര്‍ മാത്രമാണ്. എന്താണദ്ദേഹം പറഞ്ഞതെന്നറിയില്ലെന്ന് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ ഒഴിഞ്ഞുമാറുകയാണ്. എല്‍ഡിഎഫ് നേതാക്കളുടെ നേരത്തേയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിക്കാനോ , മന്ത്രിക്കെതിരായ കെപിസിസി അധ്യക്ഷന്‍റെ വാക്കുകളില്‍ തെറ്റായൊന്നുമില്ലെന്ന് പറയാനോ പ്രമുഖരാരും തയ്യാറാകുന്നുമില്ല. വിഷയം പരമാവധി വഷളാകട്ടെയെന്ന് കരുതി പ്രതിപക്ഷനേതാവടക്കം മൗനം പാലിക്കുമ്പോള്‍ സാധാരണപ്രവര്‍ത്തകര്‍ തനിക്കൊപ്പമാണെന്ന് പറഞ്ഞാണ് മുല്ലപ്പള്ളി തിരിച്ചടിക്കുന്നത്. പ്രസ്താവന പിൻവലിക്കാനില്ലെന്ന് പറയുമ്പോൾ, മുല്ലപ്പള്ളിക്കെതിരെ പാർട്ടിയ്ക്ക് അകത്ത് പട വെട്ടാനൊരുങ്ങി നിൽക്കുന്നവർക്ക് അത് ശക്തി പകരുകയും ചെയ്യുന്നു.

മുല്ലപ്പള്ളിയുടെ പ്രസ്താവന പൂർണരൂപം:

click me!