തീരമേഖലയിൽ ഉൾപ്പെടെ സമ്പർക്ക രോഗികൾ കൂടുന്നു; ആശങ്കയില്‍ ആലപ്പുഴ, ചേര്‍ത്തലയില്‍ സ്ഥിതി രൂക്ഷം

By Web TeamFirst Published Jul 23, 2020, 6:41 AM IST
Highlights

ആലപ്പുഴ ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ പകുതിയിൽ അധികം ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 

ആലപ്പുഴ: തീരമേഖലയിൽ ഉൾപ്പെടെ സമ്പർക്ക രോഗികൾ കൂടിവരുന്നതിന്‍റെ ആശങ്കയിലാണ് ആലപ്പുഴ ജില്ല. നൂറനാട് ഐടിബിപി ക്യാമ്പ് ഉൾപ്പെടെയുള്ള ക്ലസ്റ്ററുകളിലെ സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. സമ്പൂർണ്ണ ലോക്ഡൗണുള്ള ചേർത്തല താലൂക്കിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്.

ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ പകുതിയിൽ അധികം ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉൾനാടൻ മത്സ്യമേഖലയായ പള്ളിത്തോട്, എഴുപുന്ന, തുറവൂർ, എരമല്ലൂർ, അരൂക്കുറ്റി തുടങ്ങി ചേർത്തല താലൂക്കിലെ മിക്ക ഇടങ്ങളിലും ആശങ്ക കൂടിവരുന്നു. ട്രിപ്പിൾ ലോക്ഡൗൺ അടക്കം പ്രഖ്യാപിച്ചിട്ടും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. രോഗവ്യാപനത്തിന്‍റെ ആശങ്കയുള്ള കായംകുളത്തും സമ്പർക്ക രോഗികൾ കൂടിവരുന്നു. നൂറനാട് ഐടിബിപി ക്യാമ്പിൽ ഇതുവരെ 155 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് പേർ രോഗമുക്തി നേടി തിരികെ ക്യാമ്പിലെത്തി. 

നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥരിൽ രണ്ടാംഘട്ട പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയാണ്. പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കും. ജനസാന്ദ്രത കൂടതലുള്ള നഗരസഭാ പരിധിയിൽ സമ്പർക്ക രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ വാർഡുകൾ കണ്ടൈൻമെന്‍റ് സോണുകളാക്കി. 745 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സിലുള്ളത്.

click me!