സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ദിവസം; 27 പേര്‍ക്ക് രോഗം

By Web TeamFirst Published Jul 3, 2020, 7:31 PM IST
Highlights

ആലപ്പുഴ ജില്ലയിൽ സമ്പർക്കത്തിലൂടെ ഇന്ന്   രോഗം സ്ഥിരീകരിച്ച 12 പേരിൽ പതിനൊന്നും ഒരു കുടുംബത്തിലെ ആളുകൾ ആണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച ദിവസമാണ്. 27 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പതിനാല് ജില്ലകളിലും രോഗബാധിതർ കൂടിയത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നത്   ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണം എന്ന മുന്നറിയിപ്പാണ് നല്‍കുന്നതെന്നും  മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം മൂലമാണ് രോഗം പിടികൂടിയത്.  ചെമ്മരുത്തുമല സ്വദേശിയായ 46 വയസുള്ള എസ്.എ.പി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാള്‍. ഇദ്ദേഹം എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂൺ 23ന് ആനയറയിലുമായി ജോലി ചെയ്തിരുന്നു.  ഏറ്റവും കൂടതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയില്‍  മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. മലപ്പുറത്ത് സമ്പർക്കത്തിൽ രോഗം സ്ഥിരീകരിച്ചതിൽ ഒരു വയസുള്ള കുട്ടിയുമുണ്ട്. 

കോഴിക്കോട് ജില്ലയിലും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. എടപ്പാളില്‍ ആശുപത്രിയിൽ നിന്ന് സമ്പർക്കത്തിലൂടെ ഒരു വയസ്സുകാരനും ആശുപത്രി ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ മൂന്ന് പേർക്ക് സമ്പർക്കം വഴി രോഗം പിടിപ്പെട്ടു. പിറവത്ത് ദില്ലിയിൽ നിന്നും എത്തിയ 11 മാസം പ്രായമുള്ള കുഞ്ഞിനും,രണ്ട് വയസ്സ് പ്രായമ‌ായ കുട്ടീയുടെ ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ നിന്നെത്തിയ പൈങ്ങോട്ടൂർ സ്വദേശിയുടെ ബന്ധുവിനുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. 

കോട്ടയം ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍  11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല. ആലപ്പുഴ ജില്ലയിൽ സമ്പർക്കത്തിലൂടെ ഇന്ന്   രോഗം സ്ഥിരീകരിച്ച 12 പേരിൽ പതിനൊന്നും ഒരു കുടുംബത്തിലെ ആളുകൾ ആണ്. കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബം ആണിത്. ഇന്നത്തെ കണക്കു കൂടി ആകുമ്പോൾ കായംകുളത്തെ ഒരു കുടുംബത്തിലെ 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം വ്യാപാരിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. 

click me!