Latest Videos

'മരണത്തിന്‍റെ ജൂലൈ', കൊവിഡ് മരണങ്ങൾ കൂടി, വെന്‍റിലേറ്ററുകൾ കൂട്ടാൻ കേരളം, അതീവ ജാഗ്രത

By Web TeamFirst Published Aug 28, 2020, 7:12 AM IST
Highlights

ജൂലൈയില്‍ സംസ്ഥാനത്ത് സംഭവിച്ച 63 മരണങ്ങളാണ് പഠന വിധേയമാക്കിയത്. ഇതില്‍ 51 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. 64 വയസ്സ് മുതൽ 85 വയസ്സ് വരെയുള്ളവരാണ് മരിച്ചവരില്‍ കൂടുതലും. 

തിരുവനന്തപുരം/ കൊല്ലം: ജൂലൈ പകുതി മുതല്‍ കേരളത്തിൽ കൊവിഡ് മരണങ്ങള്‍ കൂടിയെന്ന് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരിലേറെയും പുരുഷൻമാരെന്നും റിപ്പോര്‍ട്ട് പറയുന്നു. 63 മരണങ്ങള്‍ ഓഡിറ്റ് ചെയ്തതില്‍ 51 പേരുടെ മരണമാണ് കൊവിഡ് മരണമായി കണക്കാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ കൊവിഡിന്‍റെ തീവ്ര വ്യാപനം നേരിടാൻ വിപുലമായ ജീവൻരക്ഷാ സംവിധാനങ്ങളൊരുക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലേക്കായി 865 വെന്‍റിലേറ്ററുകൾ പുതിയതായി വാങ്ങി. കേന്ദ്രത്തിന്‍റെ കൂടി സഹായത്തോടെയാണിത്. ആംബുലൻസുകളിലടക്കം ഓക്സിജൻ സംവിധാനവും ഏര്‍പ്പെടുത്തി.

ജൂലൈയില്‍ സംസ്ഥാനത്ത് സംഭവിച്ച 63 മരണങ്ങളാണ് പഠന വിധേയമാക്കിയത്. ഇതില്‍ 51 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. 64 വയസ്സ് മുതൽ 85 വയസ്സ് വരെയുള്ളവരാണ് മരിച്ചവരില്‍ കൂടുതലും. 

മരിച്ച ആളുകളിലെ ഏറ്റവും കുറഞ്ഞ പ്രായം 28 ആയിരുന്നു. ചെറുപ്പക്കാരിലെ മരണനിരക്ക് ആശങ്ക തന്നെയാണ്. മരിച്ചവരിൽ 35 ശതമാനം പുരുഷന്മാരാണ്. 16 ശതമാനം സ്ത്രീകളും. ജൂലൈ മാസത്തില്‍ ഏറ്റലും കൂടുതല്‍ മരണം സംഭവിച്ചത് എറണാകുളം ജില്ലയിലാണ്. 13. തൊട്ടുപിന്നില്‍ തിരുവനന്തപുരം. 8 പേര്‍. മൂന്നാം സ്ഥാനം കാസര്‍കോഡിനും കോഴിക്കോടിനുമാണ്. കൊവിഡ് മരണങ്ങളെന്നു പറയുന്പോഴും കൊവിഡ് ബാധ മാത്രം ഉണ്ടായിരുന്നവര്‍ 6 ശതമാനം മാത്രമാണ്. മരിച്ചവരില്‍ 65 ശതമാനം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും 69ശതമാനം പേര്‍ക്ക് പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തി. മരിച്ചവരില്‍ 12 ശതമാനം പേര്‍ക്ക് അര്‍ബുദ ബാധ ഉണ്ടായിരുന്നുവെന്നും ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.

മഹാമാരിയെ നേരിടാൻ ഇപ്പോൾ കേരളം വക മാറ്റിയിട്ടുളളത് 490 കോടി രൂപയാണ്. കേന്ദ്രം വക 65 കോടി. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഉൾപ്പെടെ തീവ്രപരിചരണ വിഭാഗങ്ങള്‍ വിപുലമാക്കി. കൊവിഡ് രോഗികള്‍ക്കായി മാത്രം കൂടുതല്‍ ഐസിയുകള്‍. എണ്ണത്തില്‍ കുറവ് ഉണ്ടെങ്കിലും ത്രീലെയര്‍ സംവിധാനം ഒരുക്കി അടിയന്തര സാഹചര്യം നേരിടാൻ ജീവനക്കാരെ സജ്ജമാക്കിയെന്നാണ് വിശദീകരണം.

ഉപകേന്ദ്രങ്ങൾ മുതല്‍ ആംബുലൻസുകളില്‍ വരെ ഓക്സിജൻ ലഭ്യമാക്കാൻ 6.3 കോടി രൂപ ചെലവില്‍ 6318 ഓക്സിജൻ സിലിണ്ടര്‍ വാങ്ങുകയാണ്. ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറുകൾ 1000 എണ്ണം വാങ്ങി. താലൂക്ക് ആശുപത്രികളില്‍ ഒരു കിലോ ലിറ്ററിന്‍റെ ഓക്സിജൻ പ്ലാന്‍റുകള്‍ തയ്യാറാക്കുന്നുണ്ട്. കൊവിഡ് വ്യാപനം കൂടുമെന്ന സ്ഥിതിയില്‍ പരിശോധനക്കായി സര്‍ക്കാര്‍ മേഖലയിൽ മാത്രം 22 ലാബുകൾ സജ്ജമാക്കി. പിസിആര്‍ ഉപകരണമടക്കം വാങ്ങി. കൊവിഡ് രോഗികളുടെ രക്തത്തിലെ ഓക്സിജന്‍റെ അളവ് പരിശോധിക്കാനുളള പൾസ് ഓക്സിമിറ്റര്‍ 21000 വാങ്ങി. 

ഇവയെല്ലാം, മെഡിക്കല്‍ കോളജ് ആശുപത്രികള്‍ മുതൽ സബ് സെന്‍ററുകൾ വരെയുള്ള ഇടങ്ങളിൽ ലഭ്യമാക്കി. ഇതു കൂടാതെ എച്ച് സി ക്യു ഗുളിക ആശുപത്രികളിലും റെംഡിസിവിര്‍ ഗുളികകൾ കാരുണ്യ ഫാര്‍മസിയിലും ലഭ്യമാക്കിയിട്ടുണ്ട്.

click me!