തൊടാൻ പോലും അനുവദിച്ചില്ല; കൊവിഡ് ബാധിച്ച് മരിച്ച എറണാകുളം സ്വദേശിക്ക് അതീവ ജാഗ്രതയിൽ സംസ്കാരം

By Web TeamFirst Published Mar 28, 2020, 4:20 PM IST
Highlights

ആചാരം അനുസരിച്ച് സംസ്കാര കര്‍മ്മങ്ങൾ ചെയ്യാൻ ബന്ധുകളെ അനുവദിച്ചെങ്കിലും മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ അനുവാദം ഉണ്ടായിരുന്നില്ല. 

കൊച്ചി: കൊവിഡ് 19 ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടിൻ്റെ സംസ്കാരം പൂർത്തിയായി. കര്‍ശന വ്യവസ്ഥകളോടെ ചുള്ളിക്കൽ കച്ചി അനഫി മസ്ജിദിലാണ് സംസ്കാരം നടന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. ആചാരം അനുസരിച്ച് സംസ്കാര കര്‍മ്മങ്ങൾ ചെയ്യാൻ ബന്ധുകളെ അനുവദിച്ചെങ്കിലും മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ അനുവാദം ഉണ്ടായിരുന്നില്ല. 

സംസ്കാര ചടങ്ങുകളിൽ വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമെ പങ്കെടുക്കാനും അനുവാദമുള്ളൂ എന്ന് കർശന നിർദ്ദേശം ഉണ്ടായിരുന്നു. ആരോഗ്യപ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പ്പെടെ 10 പേര്‍ മാത്രമാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. യാക്കൂബ് ഹുസൈൻ സേട്ടിന്‍റെ മരണസമയത്ത് ഭാര്യയും മകളും കളമശ്ശേരി കൊവിഡ് ചികിത്സാ കേന്ദ്രത്തിലുണ്ടായിരുന്നു. ഭാര്യക്കും മകൾക്കും വീഡിയോ വഴി കാണിച്ചുകൊടുത്ത ശേഷമാണ് മൃതദേഹം പാക്ക് ചെയ്തത്.

സംസ്കാര കര്‍മ്മങ്ങൾ നടത്താൻ അനുവദിക്കുമെങ്കിലും മൃതദേഹത്തിൽ സ്പർശിക്കാൻ ആരെയും അനുവദിക്കില്ല എന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആചാരം അനുസരിച്ചുള്ള കർമ്മങ്ങൾ മൃതദേഹത്തിൽ സ്പർശിക്കാതെ ചെയ്യാം. മൃതദേഹം മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്ക്, ഗ്ലൗസ് ഉൾപ്പെടെ ധരിക്കണം ഇന്നായിരുന്നു വ്യവസ്ഥ. കേരളത്തിലെ ആദ്യ കൊവിഡ് മരണം നടന്ന കൊച്ചി മെഡിക്കൽ കോളേജിൽ നിന്ന് മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സുരക്ഷാ മുൻകരുതലുളെല്ലാം പാലിച്ചാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.

സംസ്കാര ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾക്ക് അഞ്ച് മീറ്റർ അകലെ നിന്നാണ് മൃതദേഹം കാണാൻ അവസരമൊരുക്കിയത്. 10 അടി താഴ്ചയിൽ ആണ് ശരീരം മറവ് ചെയ്തത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിലെയും വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്. സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തവര്‍ വരുംദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കും.

കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട 84 പേർ നിലവിൽ നിരീക്ഷണത്തിലാണ്. മരിച്ച രോഗിയുടെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇയാളെ എയർപോർട്ടിൽ നിന്ന് വീട്ടിലെത്തിച്ച ഡ്രൈവറും രോഗം സ്ഥിരീകരിച്ച ശേഷം ചികിത്സയിലാണ്. 

Also Read: കേരളത്തിലും കൊവിഡ് മരണം; മട്ടാഞ്ചേരി സ്വദേശി മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ

click me!