കൊച്ചി: കേരളത്തിലും കൊവിഡ് മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസായിരുന്നു ഇദ്ദേഹത്തിന്. മാർച്ച് 16ന് ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു. മാർച്ച് 22നാണ് രോഗം സ്ഥിരീകരിച്ചത്,തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്.രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.  

ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നയാളാണ്. രോഗം രൂക്ഷമായതിനെ തുടര്‍ന്ന് തീവ്ര പരിചപണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയായിരുന്നു. 

ദുബൈയിൽ നിന്ന് വരും വഴി എയര്‍പോര്‍ട്ടിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനായി വിളിച്ച ടാക്സി ഡ്രൈവറും കൊവിഡ് പൊസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ടാക്സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയിൽ മാത്രം മുപ്പതോളം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. രോഗ ബാധിതനായി മരിച്ച ആൾ താമസിച്ച ഫ്ലാറ്റിലെ ആളുകളേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

മരണാനന്തര ചടങ്ങുകൾക്ക് അടക്കം നിയന്ത്രണത്തിനുള്ള നിര്‍ദ്ദേശം നൽകിയാണ് മൃതദേഹം വിട്ടുകൊടുത്തിട്ടുള്ളത്. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മാത്രമെ സംസ്കാര ചടങ്ങുകൾ നടത്താനാകു. ഇവലെല്ലാം പതിനാല് ദിവസം നിരീക്ഷണത്തിൽ കഴിയുകയും വേണം.