Kerala Covid : ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷം; വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Jan 22, 2022, 5:32 PM IST
Highlights

സന്തോഷ് (44) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തൃശൂര്‍: വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കൊവിഡ് (Covid) ചികിത്സയിലിരിക്കെ മരിച്ചു. സന്തോഷ് (44) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. അതേസമയം, സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുകയാണ്.

വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ജയിലിലെ ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില മോശമായതോടെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജനുവരി 14നാണ് സന്തോഷ് ജയിലിൽ എത്തിയത്. ജില്ലയിലെ സിഎഫ്എല്‍ടിസി ജയിലായി പ്രവർത്തിക്കുന്ന വിയ്യൂർ ജില്ലാ ജയിലിൽ നിലവിൽ 7 തടവുകാര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 12 പേർ സമ്പർക്ക പട്ടികയിൽ ക്വാറന്റീനിലാണ്.

മൂന്നാം തരംഗത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമാണ്. സംസ്ഥാനത്ത് എല്ലാ ജയിലുകളിലെയും തടവുകാര്‍ക്കും ജീവനക്കാര്‍ക്കുമായി ആകെ 488 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായത്. 262 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്ത് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച തടവുകാരെയെല്ലാം പ്രത്യേക ബ്ലോക്കുകളിലേക്ക് മാറ്റി.

click me!