ആലപ്പുഴയിൽ വീണ്ടും കോടികളുടെ ഓൺലൈൻ തട്ടിപ്പ്. ഹരിപ്പാട് സ്വദേശിയായ പ്രവാസി വ്യവസായിയെ കബളിപ്പിച്ച് എട്ടുകോടിയിലധികം രൂപ തട്ടിയെടുത്തു
ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും കോടികളുടെ ഓൺലൈൻ തട്ടിപ്പ്. ഹരിപ്പാട് സ്വദേശിയായ പ്രവാസി വ്യവസായിയെ കബളിപ്പിച്ച് എട്ടുകോടിയിലധികം രൂപ തട്ടിയെടുത്തു. ഓൺലൈൻ തട്ടിപ്പിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓൺലൈനായി ഓഹരി ഇടപാട് നടത്തി പണം സമ്പാദിക്കാം എന്ന പേരിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. ഓഹരി വിപണി മേഖലയിൽ പാരമ്പര്യമുള്ള വൻകിട സ്ഥാപനത്തിന്‍റെ പ്രതിനിധി എന്നപേരിൽ നേരിട്ട് വീട്ടിലെത്തി കാര്യങ്ങൾ വിശദീകരിച്ചായിരുന്നു തട്ടിപ്പ്.
വാഗ്ദാനങ്ങളിൽ വീണ 73 കാരനായ വ്യവസായി പണം നിക്ഷേപിച്ചു തുടങ്ങി. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ കോടികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. 73 തവണകളിലായി 8.8 കോടി രൂപയാണ് നൽകിയത്. ഇതിനിടെ സംശയം തോന്നിയ മകൻ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് കോടിക്കണക്കിന് രൂപ നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് ആലപ്പുഴ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും നഷ്ടമായ പണം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായും ആലപ്പുഴ സൈബർ പൊലീസ് എസ് എച്ച് ഒ ഏലിയാസ് പി. ജോർജ് അറിയിച്ചു. സമീപ കാലത്ത് ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പാണ് ഇത്. നേരത്തെ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ കബിളിപ്പിച്ചതായിരുന്നു ജില്ലയിലെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ്.



