കൊവിഡ്: വ്യാജപ്രചാരണങ്ങള്‍ പരിഭ്രാന്തി ഉണ്ടാക്കുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നെന്ന് മന്ത്രി

By Web TeamFirst Published Mar 14, 2020, 3:12 PM IST
Highlights

 വിദേശത്തുനിന്നും നാട്ടിലെത്തിയ ആളുകളെക്കുറിച്ചാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ തെറ്റായ വാർത്തകൾ പരക്കുന്നത്. സോഷ്യൽ മീഡിയയിൽ കള്ളം പ്രചരിപ്പിക്കുന്നവർ‍‍ ജയിലിൽ പോകേണ്ടിവരുമെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു.
 

കണ്ണൂര്‍:  കൊവിഡ് രോഗ ഭീതി പടർത്തുന്ന വ്യാജവാർത്തകൾ പ്രാദേശികമായി പരക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു.   വിദേശത്തുനിന്നും നാട്ടിലെത്തിയ ആളുകളെക്കുറിച്ചാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ തെറ്റായ വാർത്തകൾ പരക്കുന്നത്. സോഷ്യൽ മീഡിയയിൽ കള്ളം പ്രചരിപ്പിക്കുന്നവർ‍‍ ജയിലിൽ പോകേണ്ടിവരുമെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു.

കണ്ണൂർ പെരിങ്ങോത്തെ കൊവിഡ് രോഗി ആദ്യം ചെന്നത് പയ്യന്നൂരിലെ ഡോക്ടറുടെ അടുത്തേക്കായിരുന്നു.  ജനകീയ ഡോക്ടറായ ഇദ്ദേഹം ദിവസവും നൂറിലേറെ പേരെ പരിശോധിക്കുന്നയാളാണ്. ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചെന്ന വ്യാജ വാർത്ത പരന്നതോടെ പയ്യന്നൂരിലെ ജനങ്ങൾ പരിഭ്രാന്തരായി. 

കൊവിഡ് രോഗിയുടെ ബന്ധു രാമന്തളിയിൽ എത്തിയിരുന്നു എന്നതാണ് വാട്സാപ്പിൽ പ്രചരിച്ച മറ്റൊരു വ്യാജ  വാർത്ത. രാമന്തളിയിൽ ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. പഴങ്ങാടി ഏഴോത്ത് ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്ന ആൾക്ക് രോഗം സ്ഥിരീകരിച്ചു എന്ന തെറ്റായ വാർത്ത പ്രചരിച്ചതോടെ സമീപവാസികൾ കൂട്ടത്തോടെ ആശുപത്രിയിലേക്ക് ഓടി. തലശ്ശേരിയിൽ കൊറോണ സ്ഥിരീകരിച്ചു എന്ന് ഓഡിയോ സന്ദേശം പ്രചരിച്ചത് അതിലും വലിയ പൊല്ലാപ്പായി.

ഈ ആശങ്കകളെല്ലാം ജില്ലാതല അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രതിനിധികൾ ഉന്നയിച്ചെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വിദേശത്ത് നിന്ന് വന്നയാൾക്ക് രോഗം സ്ഥിരീകരിച്ചു എന്ന പ്രചാരണത്തിൽ പരിയാരത്ത് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും പ്രത്യേക സംഘം സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നുമുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!