Covid Fraud : സർക്കാർ 59000 ന് വാങ്ങിയ എസിക്ക് 42500 രൂപ മാത്രം; കൊവിഡ് കൊള്ളയിൽ കൂടുതൽ തെളിവ്

By Web TeamFirst Published Dec 18, 2021, 10:24 AM IST
Highlights

കൊവിഡിന്റെ ആദ്യ വ്യാപന കാലത്ത് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ 1000 എസി വാങ്ങാന്‍ കൊടുത്ത കരാറിലാണ് കൊള്ള നടന്നത്.

തിരുവനന്തപുരം: കൊവി‍ഡിന്‍റെ (Covid) തുടക്കത്തില്‍ സര്‍ക്കാര്‍ എസി വാങ്ങിയതില്‍ വന്‍ കൊള്ള നടന്നുവെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങിയ എസിയുടെ അതേ മോഡല്‍ 17000 രൂപ കുറച്ച് നല്‍കാമെന്നാണ് വിതരണക്കാരുടെ ക്വട്ടേഷന്‍. രണ്ട് ടണ്‍ എസിക്ക് 17000 രൂപയും ഒന്നര ടണ്‍ എസിക്ക് 14000 രൂപയും ഒരു ടണ്‍ എസിക്ക് 11000 രൂപയും അധികം കൊടുത്താണ് സര്‍ക്കാര്‍ വാങ്ങിയത്.

കൊവി‍ഡിനെ തുടര്‍ന്ന് മലയാളികളെല്ലാം ജോലിക്ക് പോലും പോകാനാകാതെ വീട്ടിലിരിക്കുന്ന സമയത്ത് സര്‍ക്കാര്‍ തീവെട്ടിക്കൊള്ള നടത്തുകയായിരുന്നുവെന്നാണ് തെളിയുന്നത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനങ്ങളുടെ നികുതിപ്പണം കവര്‍ന്ന് തിന്നുകയായിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കൊവിഡിന്റെ ആദ്യ വ്യാപന കാലത്ത് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ 1000 എസി വാങ്ങാന്‍ കൊടുത്ത കരാറിലാണ് കൊള്ള നടന്നത്. സർക്കാർ വാങ്ങിയ അതേ എസികള്‍ക്കുള്ള ക്വട്ടേഷൻ സർക്കാരിന് നൽകിയ അതേ വിതരണക്കാരില്‍ വാങ്ങിയപ്പോഴാണ് വലിയ വില വ്യത്യാസം ശ്രദ്ധയിൽപെട്ടത്.

Also Read: കൊവിഡ് കാലത്ത് എസിയും ഫ്രിഡ്ജും വാങ്ങിയതിലും വന്‍ വെട്ടിപ്പ്; വിവരാവകാശ രേഖകള്‍ പുറത്ത്

എല്‍ജിയുടെ രണ്ട് ടണ്‍, ഒന്നര ടണ്‍, ഒരു ടണ്‍ ത്രീസ്റ്റാര്‍ എസികള്‍ വാങ്ങാനായിരുന്നു സര്‍ക്കാര്‍ കരാര്‍. കരാര്‍ പ്രകാരം എല്‍ജിയുടെ ത്രീസ്റ്റാര്‍ രണ്ട് ടണ്‍ എസിക്ക് സര്‍ക്കാര്‍ കൊടുത്തത് 59000 രൂപ. അതേ എസി, അതേ മോഡല്‍ ഒരെണ്ണം വാങ്ങാന്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കിട്ടിയ ക്വട്ടേഷൻ 42500 രൂപയ്ക്കാണ്. സര്‍ക്കാര്‍ വാങ്ങിയതിലും 16500 രൂപ കുറവില്‍ ജനങ്ങൾക്ക് വാങ്ങാമെന്നാണ് നില.

എല്‍ജിയുടെ തന്നെ ത്രീസ്റ്റാര്‍ ഒന്നര ടണ്‍ എസി വാങ്ങാന്‍ സര്‍ക്കാര്‍ കരാര്‍ 47000 രൂപയ്ക്കാണ്. അതേ മോഡല്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കിട്ടുന്നത് 34500 രൂപയ്ക്കാണ്. 12500 രൂപ കുറവ്. എല്‍ജിയുടെ ഒരു ടണ്‍ ത്രീസ്റ്റാര്‍ എസിക്ക് സര്‍ക്കാര്‍ വാങ്ങിയത് 40700 രൂപയ്ക്കാണ്. അതേ മോഡല്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് തരാമെന്നേറ്റത് 29500 രൂപയ്ക്ക്. 11000 രൂപ കുറവ്.

click me!