
കണ്ണൂര്‍: സജീവ രാഷ്ട്രീയം ഉപേക്ഷിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍റെ(E Sreedharan) തീരുമാനം വൈകി വന്ന വിവേകമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍(MV Jayarajan). ബിജെപിയില്‍(BJP) നിന്നും ഇപ്പോഴെങ്കിലും രക്ഷപ്പെടാന്‍ തോന്നിയത് നന്നായെന്നും വൈകി വന്ന വിവേകമാണ് ഒരുപക്ഷെ ചിലരെ രക്ഷിക്കുകയെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാൻ(Metro Man) പോകാൻ പാടില്ലായിരുന്നു. കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. പാലക്കാട് തന്നെ തോൽപ്പിച്ചതാണ് എന്ന് ഇ ശ്രീധരന്റെ പ്രതികരണം തികച്ചും ശരിയാണെന്ന് ജയരാജന്‍ പറഞ്ഞു.
ഡിസംബര്‍ 16നാണ് താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ഇ ശ്രീധരന്‍ പ്രഖ്യാപിച്ചത്. പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും പല കാര്യങ്ങളും തിരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത് സജീവരാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റായിട്ടാണ്. രാഷ്ട്രീയത്തിൽ എന്‍റെ ഏറ്റവും പ്രായമേറിയ കാലത്താണ് ഞാൻ ചേർന്നത്. അതിന് മുമ്പ് പല തവണയായി എനിക്ക് രാജ്യസേവനത്തിന് അവസരം കിട്ടിയിട്ടുണ്ട്- ശ്രീധരന്‍ പറഞ്ഞു.
എംവി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
മെട്രോമാന് വൈകി വന്ന വിവേകം. മുഖ്യമന്ത്രിക്കസേര ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്തപ്പോൾ വീണുപോയ മെട്രോമാന് ബിജെപിയോട് വിടപറയാൻ തോന്നിയത് വൈകി വന്ന വിവേകമാണ്. ബിജെപിയിൽ ചേരുകയും പാലക്കാട് സ്ഥാനാർത്ഥിയാവുകയും ചെയ്തതോടെ അന്ന് മുഖപുസ്തകത്തിൽ ഞാൻ നടത്തിയ പ്രതികരണം ഇപ്രകാരമായിരുന്നു. "വികസനപദ്ധതികളുടെ കാര്യത്തിൽ ബ്യൂറോക്രാറ്റ് എന്ന നിലയിൽ കൊങ്കൺ ശ്രീധരൻ ജനകീയ അംഗീകാരമുള്ളയാളാണ്.
എന്നാൽ വർഗ്ഗീയ രാഷ്ട്രീയം സ്വീകരിച്ചതോടെ അദ്ദേഹത്തെ തിരസ്കരിക്കുക തന്നെ ചെയ്യും. "കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല എന്നും ബിജെപി നേതാക്കൾ തന്നെ ചതിച്ചുവെന്നും ഉള്ള പുതിയ പ്രതികരണം ഈ നിലപാട് ശരിവെക്കുന്നതാണ്. കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാൻ പോകാൻ പാടില്ലായിരുന്നു. പാലക്കാട് തന്നെ തോൽപ്പിച്ചതാണ് എന്ന കൊങ്കൺ ശ്രീധരന്റെ പ്രതികരണം തികച്ചും ശരിയുമാണ്. കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പൊഴെങ്കിലും തോന്നിയത് നന്നായി. വൈകി വന്ന വിവേകമാണ് ഒരുപക്ഷെ ചിലരെ രക്ഷിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam