
തൊടുപുഴ: കൊവിഡ് രോഗം സംശയിച്ച് തൊടുപുഴയിൽ ആശുപത്രിയിലാക്കിയ രണ്ട് പേരെ വീട്ടിലേക്ക് വിട്ടു. തൊടുപുഴ നഗരസഭാംഗത്തെയും ജില്ല ആശുപത്രിയിലെ നഴ്സിനെയുമാണ് വിട്ടയച്ചത്. ഇവർക്കൊപ്പം ആശുപത്രിയിലാക്കിയ നാരകക്കാനം സ്വദേശിയെ വിട്ടയക്കുന്നതിൽ മെഡിക്കൽ ബോർഡ് ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇവരും ബെംഗളൂരുവിൽ നിന്നെത്തിയ നാരകക്കാനം സ്വദേശിയും കൊവിഡ് പോസിറ്റീവാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി ജില്ല കളക്ടർ അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡ് ചേർന്ന് തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഗരസഭാംഗത്തെയും നഴ്സിനെയും വീട്ടിലേക്ക് വിട്ടത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യപ്രവർത്തകരും കൗൺസിലർമാരും അടക്കമുള്ളവരെ നീരീക്ഷണത്തിൽ നിന്ന് മാറ്റി.
തിങ്കളാഴ്ച രാത്രി തന്നെ മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകീട്ടത്തെ വാർത്താ സമ്മേളനത്തിൽ മൂവർക്കും കൊവിഡ് ബാധിച്ചോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് പേരുടെയും സ്രവങ്ങൾ വീണ്ടും പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി. ഈ പരിശോധനയിലും തുടർ പരിശോധനയിലും മൂവരുടെയും ഫലങ്ങൾ നെഗറ്റീവായി. ഇതോടെ തൊടുപുഴ നഗരസഭയെ ഹോട്ട്സ്പോട് മുക്തമാക്കുകയും രണ്ട് പേരെ ഉടൻ ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു. ഇവർക്കൊപ്പം ആശുപത്രിയിലാക്കിയ നാരകക്കാനം സ്വദേശിയെയും വൈകാതെ വിട്ടയക്കുമെന്നാണ് സൂചന. നിലവിൽ 14 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam