പ്രവാസികൾ സ്വന്തം മണ്ണിൽ; അബുദാബിയിൽ നിന്ന് 181 പേരുമായി വിമാനം കൊച്ചിയിലെത്തി

By Web TeamFirst Published May 7, 2020, 10:11 PM IST
Highlights

വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്

കൊച്ചി: കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി.

വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്. ഇവർക്ക് പോകാനായി മൂന്ന് കെഎസ്ആർടിസി ബസുകളാണ് ഒരുക്കിയത്. ആകെ എട്ട് കെഎസ്ആർടിസി ബസുകളും 40 ഓളം ടാക്സികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കയറ്റും. ആർക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാൽ ഇവരെ ഉടൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും. 

എമിഗ്രേഷൻ നടപടികൾക്കായി അഞ്ച് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്. പരമാവധി ഒന്നര മിനുട്ടിൽ നടപടികൾ പൂർത്തിയാക്കും. തുടർന്ന് ക്വാറന്റീനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകും. അഞ്ച് മിനുട്ടാണ് ഈ ക്ലാസിന്റെ ദൈർഘ്യം. ജില്ലാ ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. പിന്നീട് ക്വാറന്റീൻ ലംഘിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങും. നോർക്കയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് സ്കാൻ ചെയ്ത ശേഷം വീണ്ടും തെർമൽ സ്കാൻ നടത്തും. പിന്നീട് ജില്ല തിരിച്ച് യാത്രക്കാരെ ഇരുത്തും. അതിന് ശേഷം ഇവരെ ക്വാറന്റീനിലേക്ക് മാറ്റും.

click me!